ഇനി ‘പോണ്ടിച്ചേരി തട്ടിപ്പ്’ നടക്കില്ല: വാഹന രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ പുതുച്ചേരി സര്‍ക്കാറിന്റെ തീരുമാനം

single-img
31 October 2017

പുതുച്ചേരി: വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവത്തില്‍ പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. നികുതി ഇളവിന്റെ ആനുകൂല്യം അയല്‍സംസ്ഥാനക്കാര്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വാഹന രജിസ്‌ട്രേഷന്‍ നടപടികള്‍ കര്‍ശനമാക്കാന്‍ പുതുച്ചേരി സര്‍ക്കാറിന്റെ തീരുമാനം.

വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നത് തടയാന്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫീസുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്ക് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാവൂ എന്നാണ് ലഫ്. ഗവര്‍ണറുടെ നിര്‍ദേശം.

നികുതിവെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രാചാരണ പരിപാടി നടത്താന്‍ കേരള ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കാനും തീരുമാനമായിട്ടുണ്ട്. തട്ടിപ്പ് നടത്തുന്നവരില്‍ ഭൂരിഭാഗവും പ്രശസ്തരാണെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍.

വാഹന വില അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ വാഹന നികുതി ചുമത്തുന്നത്. അഞ്ചുലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ആറു ശതമാനവും അഞ്ചുലക്ഷം മുതല്‍ പത്തുലക്ഷം വരെ വിലയുള്ള വാഹനത്തിന് വിലയുടെ എട്ടുശതമാനവും പത്തുമുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവും 15 മുതല്‍ 20 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനവും 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനവുമാണ് നികുതി.