തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് കാനം രാജേന്ദ്രന്‍; വെല്ലുവിളി കുറ്റവാളിയുടെ ജല്‍പ്പനമെന്ന് ചെന്നിത്തല

single-img
31 October 2017

ജനജാഗ്രതായാത്രയിലെ മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജാഥയുടെ നിലപാട് താന്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിക്ക് അദ്ദേഹത്തിന്റെ ഭാഗം പറയാം. അതിലെ ഔചിത്യം തീരുമാനിക്കേണ്ടത് മന്ത്രിയാണ്.

ജാഥ മന്ത്രിയുടെ മണ്ഡലത്തില്‍ എത്തിയപ്പോള്‍ അദേഹം അധ്യക്ഷനായി. മന്ത്രിയെ ജാഥയില്‍ പങ്കെടുപ്പിക്കണോ എന്ന് തീരുമാനിക്കേണ്ടത് എന്‍.സി.പിയാണെന്നും കാനം പറഞ്ഞു. എല്‍ ഡി എഫ് ജനജാഗ്രതാ യാത്രാ വേദിയില്‍ വെല്ലുവിളി പ്രസ്താവനയുയര്‍ത്തിയ മന്ത്രി തോമസ് ചാണ്ടിയുടെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു കാനം.

തനിക്കെതിരെ ചെറുവിരലനക്കാന്‍ ഒരന്വേഷണ സംഘത്തിനും കഴിയില്ലെന്ന് ആലപ്പുഴ പുളിങ്കുന്നിലെ ജനജാഗ്രത യാത്രാ വേദിയില്‍ മന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ വെല്ലുവിളിക്കാനോ മറുപടി പറയാനോ അല്ല എല്‍ഡിഎഫ് യാത്ര നടത്തുന്നതെന്ന് മന്ത്രിക്കു പിന്നാലെ സംസാരിച്ച കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം മന്ത്രി തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത് കുറ്റവാളിയുടെ ജല്‍പ്പനമായി കണ്ടാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ വെല്ലുവിളി ഏറ്റെടുത്ത് താന്‍ സ്ഥലം സന്ദര്‍ശിച്ചതാണ്. ജയിലില്‍ പോകേണ്ടിവരുമോ എന്ന ഭയം മൂലം അദ്ദേഹം അത് മറന്നുപോയതാവും.

ഭൂമി കൈയേറ്റം നടത്തിയെന്ന് തെളിഞ്ഞ തോമസ് ചാണ്ടിക്കൊപ്പം വേദി പങ്കിട്ട കാനം രാജേന്ദ്രനോട് സഹതാപമുണ്ട്. തോമസ് ചാണ്ടിക്ക് അന്തസുണ്ടെങ്കില്‍ സ്ഥാനം രാജിവച്ച് വീട്ടില്‍ പോകാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.