കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

single-img
30 October 2017

കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുകയാണ്. പരാതിയില്‍ പറഞ്ഞ ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറലാണ് കോടതിയില്‍ ഹാജരായത്. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിലും ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതിലും കേരള പോലീസ് സിബിഐയേക്കാള്‍ മുന്‍പിലാണ്.

കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കൊലപാതകക്കേസുകള്‍ മികച്ച രീതിയില്‍ സംസ്ഥാന പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബിജെപി നിയന്ത്രണത്തിലുള്ള തലശേരിയിലെ ഗോപാലന്‍ അടിയോടി സ്മാരക ട്രസ്റ്റാണ് രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവേയാണ് ഒക്ടോബര്‍ 17 ന് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.

കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അന്ന് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയത്.