എസ് ജാനകി മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം

single-img
29 October 2017

സോഷ്യല്‍ മീഡിയ കൊലപാതകം അടുത്ത കാലത്ത് വളരെ അധികം സജീവമാണ്. പൂര്‍ണ ആരോഗ്യത്തോടെ നില്‍ക്കുന്ന പല സെലിബ്രിറ്റികളെയും ജീവനോട് കൊന്നിട്ടുണ്ട്. സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം വധിച്ചിട്ടുണ്ട്. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനെതിരെയും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു.

സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ആള്‍ മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ എസ് ജാനകിയെന്ന ജാനകിയമ്മയാണ്. കഴിഞ്ഞ ദിവസം മൈസൂരുവില്‍ നടന്ന ഒരു സംഗീത പരിപാടിയില്‍ താൻ പാട്ട് നിര്‍ത്തുന്നു എന്ന് ജാനകി അമ്മ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സിനിമാ സംഗീത മേഖലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു എന്ന തോന്നല്‍ കുറച്ചു കാലമായിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് പാട്ട് നിര്‍ത്തുന്നു എന്ന് ജാനകിയമ്മ പ്രഖ്യാപിച്ചത്.

ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി, ജാനകി അമ്മ വിടവാങ്ങി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. പിന്നീട് ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു.

നേരത്തെയും എസ് ജാനകിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് ആ വാര്‍ത്തയോട് ഗായകന്‍ എസ്പി ബാലസുബ്രമണ്യമടക്കമുളളവര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.