ഗുജറാത്തില്‍ ബിജെപി തോല്‍ക്കുമെന്ന് രാജ് താക്കറെ

single-img
29 October 2017

താനെ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെ. ഇത്രമാത്രം പ്രശ്നങ്ങള്‍ നേരിടുന്നതിനിടെയും ബിജെപി സംസ്ഥാനത്ത് വിജയം വരിച്ചാല്‍ അത് വോട്ടിംഗ് യന്ത്രത്തിന്റെ അത്ഭുതമായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് പ്രസംഗിക്കുന്ന ചടങ്ങില്‍ നിന്നുപോലും ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുന്‍പ് ഒരിക്കലും ഇത്തരം ദൃശ്യങ്ങള്‍ ഉണ്ടായിട്ടില്ല. ഇതില്‍ നിന്ന് തന്നെ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാണെന്നും രാജ് താക്കറെ പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചതിന്റെ അമ്പത് ശതമാനം ക്രെഡിറ്റും രാഹുല്‍ ഗാന്ധിക്കാണ്, രാഹുലിനെ കളിയാക്കി തെറ്റായ ചിത്രം ഉണ്ടാക്കിയെടുക്കുകയായിരുന്നു. മാത്രവുമല്ല ‘മോദിയെ അന്ന് രാഹുല്‍ പരിഹസിച്ചത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ ബിജെപിക്ക് അനുകൂലമായി തിരിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളതില്‍ 15 ശതമാനം സമൂഹമാധ്യമങ്ങള്‍ വഴിയും, 10-20 ബി.ജെ.പി- ആര്‍.എസ്.എസ് സംഘടനകളിലെ പ്രവര്‍ത്തകരുടെ മിടുക്ക് കൊണ്ടും കിട്ടിയതാണെന്നും ബാക്കിയുള്ള ശതമാനം മാത്രമാണ് മോദിയുടെ വ്യക്തി പ്രഭാവമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അതും നശിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തെ പരസ്യമായി തള്ളിക്കളഞ്ഞ് ശിവസേനയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശിവസേന എം.പി സജ്ഞയ് റൗട്ട് ആയിരുന്നു പ്രസ്താവനയുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നും അദ്ദേഹത്തെ ‘പപ്പു’വെന്ന് വിളിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ആ തരംഗം മങ്ങിയിരിക്കുകയാണ്. ഗുജറാത്തില്‍ ജി.എസ്.ടി പ്രഖ്യാപിച്ചതിന് ശേഷം ജനങ്ങള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. ബി.ജെ.പി വലിയ വെല്ലുവിളി നേരിടാന്‍ പോകുകയാണെന്നും റൗട്ട് ചൂണ്ടിക്കാണിച്ചിരുന്നു.