ഹോട്ടലുകളില്‍ ബിയര്‍ നിര്‍മ്മിച്ച് വില്‍ക്കാനുള്ള നീക്കവുമായി എക്‌സൈസ്; ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും

single-img
29 October 2017

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കാനുള്ള നീക്കവുമായി എക്‌സൈസ്. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇതു സംബന്ധിച്ച ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് സൂചന. ബംഗളൂരുവില്‍ പരീക്ഷിച്ചു വിജയിച്ച മാതൃകയാണ് എക്‌സൈസിന്റെ പരിഗണനയിലുള്ളത്.

ഇതിന്റെ ഭാഗമായി എക്‌സൈസ് സംഘം ബംഗളൂരുവില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പത്തോളം ഹോട്ടലുകള്‍ ബിയര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനായി ഇതിനകം അനുമതി തേടി എക്‌സൈസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത്തരം മൈക്രോ ബ്രൂവറികള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ തയ്യാറാക്കിയ നിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹോട്ടലുകള്‍ക്ക് ബിയര്‍ നിര്‍മ്മിച്ച് വില്‍ക്കാം. കൂടുതല്‍ ഡീ അഡിക്ഷന്‍ സെന്ററുകള്‍ക്കും നിര്‍ദേശത്തില്‍ ശുപാര്‍ശയുണ്ട്.

എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ രണ്ടു ദിവസത്തിനകം എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിന് സമര്‍പ്പിക്കും.
ഹോട്ടലുകളില്‍ ബിയര്‍ നിര്‍മ്മിക്കാനുള്ള മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പഠിക്കാന്‍ സര്‍ക്കാരാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് നിര്‍ദേശം നല്‍കിയത്.