സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുസ്ലിം യുവതി

single-img
29 October 2017

മാഞ്ചസ്റ്റര്‍: സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുസ്ലിം യുവതി രംഗത്ത്. പാക്കിസ്ഥാനില്‍ വളര്‍ന്ന് മാഞ്ചസ്റ്ററിലേക്കു പോയ സെയ്ന എന്ന 40 കാരിയാണ് സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ തനിക്കു നേരിടേണ്ടിവന്ന പീഡനങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

ലൈംഗികതയുടെ പേരില്‍ താന്‍ മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും നിരവധി ഭീഷണികള്‍ നേരിടുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. തന്നെപ്പോലുള്ള ഒരുപാട് പേര്‍ ഈ ലോകത്തുണ്ടെന്നും അവര്‍ക്ക് കൂടുതല്‍ പ്രതീക്ഷ പകരുകയെന്ന ലക്ഷ്യമിട്ടാണ് ഇപ്പോള്‍ താനിതൊക്കെ തുറന്നു പറയുന്നതെന്നും സെയ്ന വ്യക്തമാക്കി. 13ാം വയസിലാണ് താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിയുന്നത്. വളരെ യാഥാസ്ഥിതികമായ പാക് സമൂഹത്തില്‍ നിന്നും അന്നുമുതല്‍ ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്.

തന്റെ സ്വത്തം മനസിലായതോടെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും സെയ്ന പറയുന്നു. ഒരു കൂട്ടുകാരിക്കൊപ്പം വീട്ടിലിരിക്കവെ പിതാവ് മുകളിലേക്ക് കയറി വന്ന് കൊല്ലുമെന്ന് പറഞ്ഞ് ഏറെ മര്‍ദ്ദിച്ചു. അന്നാണ് ആദ്യമായി എനിക്കു വീട് സുരക്ഷിതമല്ലെന്ന് തോന്നിയത്. അന്നു കിട്ടിയ അടികാരണമുള്ള പുറം വേദന മൂലം ഇപ്പോഴും ശരിയ്ക്കു നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു.

പി.എച്ച്.ഡി ചെയ്യുന്ന സമയത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ‘അപകടകാരിയാണെന്ന്’ പറഞ്ഞ് തന്നെ അധികൃതര്‍ ചവിട്ടി പുറത്താക്കുകയായിരുന്നു. സ്വവര്‍ഗാനുരാഗിയാണെങ്കില്‍ മുസ്ലിം ആവാന്‍ കഴിയില്ലെന്നാണ് പണ്ഡിതന്മാര്‍ തന്നോടു പറഞ്ഞതെന്നും സെയ്ന പറയുന്നു.

എന്നാല്‍ തന്നെ സംബന്ധിച്ച് ലൈംഗികതയും മതവും ഒരേപോലെ പ്രധാനപ്പെട്ടതാണെന്നും ഞാന്‍ മുസ്ലീമായാണ് ജനിച്ചത്. മുസ്ലീമായി മരിക്കണം. ‘ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ എന്നെയെന്തിന് കൊല്ലണ’മെന്നും അവര്‍ ചോദിക്കുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററിലെ ലോങ്സൈറ്റിലാണ് സെയ്ന താമസിക്കുന്നത്. യു.കെയിലെ ഒരു മാനേജ്മെന്റ് കമ്പനിയില്‍ സീനിയര്‍ പൊസിഷനില്‍ ജോലി ചെയ്യുകയാണ് ഇവര്‍.

ഞാന്‍ വളരെ ധീരയും ശക്തയുമാണ്. പക്ഷേ എന്നെപ്പോലെ ധൈര്യം ഇല്ലാത്ത പലയാളുകളുമുണ്ട്. അതുകൊണ്ടാണ് ഞാന്‍ പുറത്തുവന്ന് എന്റെ അനുഭവം അവരോട് പറയണമെന്ന് തോന്നിയതെന്നും സെയ്ന കൂട്ടിച്ചേര്‍ത്തു.