പ്രതിഷേധങ്ങള്‍ കാര്യമാക്കില്ല, ജോലി തുടരുമെന്ന് ദളിത് പൂജാരി യദുകൃഷ്ണന്‍

single-img
29 October 2017

കോഴിക്കോട്: യോഗക്ഷേമ സഭയും കേരള ശാന്തി യൂണിയനും നടത്തുന്ന പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് ദളിത് പൂജാരി യദുകൃഷ്ണന്‍. താന്‍ ജോലിയില്‍ തന്നെ തുടരുമെന്നും പ്രതിഷേധങ്ങള്‍ കാര്യമാക്കില്ലെന്നും യദു കൃഷ്ണന്‍ പറഞ്ഞു.

ക്ഷേത്രത്തിലെ പൂജ മുടങ്ങിയെന്നും ക്ഷേത്രം അടച്ചിട്ടുവെന്നുമാണ് യദുകൃഷ്ണനെതിരെ യോഗക്ഷേമ സഭ ഉയര്‍ത്തിയ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നാണ് യദുകൃഷ്ണന്‍ പറയുന്നത്. ഒക്ടോബര്‍ 26 ാം തിയ്യതി പറവൂരില്‍ പോകേണ്ടതിനാല്‍ ലീവ് എഴുതിക്കൊടുത്തിരുന്നു. പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ പൂജയ്ക്ക് എത്താന്‍ കഴിയില്ലെന്ന് വൈകുന്നേരം അഞ്ചുമണിയോടെ എന്നെ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് മറ്റൊരാളെ പൂജയ്ക്കായി ഏര്‍പ്പാടാക്കി. അദ്ദേഹം മറ്റൊരു ക്ഷേത്രത്തില്‍ പൂജ ചെയ്ത ശേഷമാണ് ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ നടതുറയ്ക്കാന്‍ അല്പം വൈകി. ഇതാണ് പൂജ മുടങ്ങിയെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്നും യദു വ്യക്തമാക്കി.

ഈ സംഭവത്തിനുശേഷവും താന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോകുകയും ജീവനക്കാര്‍ പതിവുരീതിയില്‍ തന്നെ തന്നോട് ഇടപഴകുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നോ യാതൊരു എതിര്‍പ്പും നേരിട്ടിട്ടില്ലെന്നും യദു പറയുന്നു.

യദു പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം യോഗക്ഷേമ സഭയുടെ പിന്തുണയോടെ ശാന്തി യൂണിയന്‍ രംഗത്തു വന്നിരുന്നു. യദുവിനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ശാന്തി യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യദു നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.