എജിയുടെ നിലപാടില്‍ റവന്യു വകുപ്പിന് കടുത്ത അതൃപ്തി; മലയാളികളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താന്‍ നിലകൊള്ളുന്നതെന്ന് ഇ ചന്ദ്രശേഖരന്‍

single-img
28 October 2017

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തില്‍ സിപിഐയ്ക്കു പിന്നാലെ നിലപാടു കടുപ്പിച്ച് റവന്യൂ മന്ത്രിയും. റവന്യൂ വകുപ്പ് ആരുടേയും തറവാട്ട് സ്വത്തല്ലെന്ന അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മലയാളികളുടെ തറവാട് സംരക്ഷിക്കുന്നതിനാണ് താന്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ മാറ്റിയതിനെതിരെ താന്‍ നല്‍കിയ കത്തിന് എ.ജി മറുപടി നല്‍കിയില്ല.

ഇത് ശരിയായ നിലപാടല്ല. ഈ രീതിയിലാണോ മന്ത്രിയോട് പെരുമാറേണ്ടതെന്ന് എ.ജി ആലോചിക്കണം. എ.ജിക്ക് അതൃപ്തിയുണ്ടെങ്കില്‍ അത് വാര്‍ര്‍ത്താ സമ്മേളനം നടത്തിയല്ല മറുപടി പറയേണ്ടത്. കോടതിയില്‍ കേസ് ഏത് രീതിയില്‍ വാദിക്കണമെന്നത് എ.ജിയുടെ അധികാരമായിരിക്കാം.

എന്നാല്‍ റവന്യൂ വകുപ്പിന്റെ അധിപന്‍ താനാണ്. വകുപ്പിലെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് താനാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് എ.എ.ജി തന്നെ വാദിക്കണമെന്നാണ് തന്റെ നിലപാട്. റവന്യൂ കേസുകള്‍ വാദിച്ച് പരിചയമുള്ള ആളാണ് രഞ്ജിത്ത് തമ്പാന്‍. അദ്ദേഹത്തെ നീക്കിയത് ശരിയല്ല. ഏത് വിധേനയും റവന്യൂ ഭൂമി സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തോമസ് ചാണ്ടിയുടെ കേസില്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ മാറ്റില്ലെന്നും, മാര്‍ത്താണ്ഡം കായല്‍ സംബന്ധിച്ച കേസ് കെ വി സോഹന്‍ തന്നെ നടത്തുമെന്നും എ ജി പറഞ്ഞിരുന്നു. എജിയുടെ ഈ നിലപാടിലാണ് റവന്യു വകുപ്പ് കടുത്ത അതൃപ്തി അറിയിച്ചത്.