കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാജം; വാഹനം പിടിച്ചെടുക്കും

single-img
28 October 2017

തിരുവനന്തപുരം: ജനജാഗ്രത യാത്രയില്‍ കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

PY-01 CK-3000 എന്ന നമ്പറിലുള്ള മിനി കൂപ്പര്‍ കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ രജിസ്‌ട്രേഷനായി അദ്ദേഹം നല്‍കിയ മേല്‍വിലാസം വ്യാജമാണെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാരാട്ട് ഫൈസല്‍, നമ്പര്‍4 ലോകമുത്തു മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്തല്‍പേട്ട് എന്ന വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ ശിവകുമാര്‍ എന്ന അദ്ധ്യാപകനാണ് ഈ വിലാസത്തില്‍ താമസിക്കുന്നത്. ഇയാള്‍ക്ക് കാരാട്ട് ഫൈസലിനെ അറിയുക പോലുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഢംബര വാഹനമായ മിനി കൂപ്പര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ എട്ടു ലക്ഷത്തോളം രൂപ നികുതിയിനത്തില്‍ നല്‍കണം. ഈ നികുതി വെട്ടിക്കാനായാണ് വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിനിടെ മിനി കൂപ്പര്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതായാണ് വിവരം. കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റജിസ്‌ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം. എന്നാല്‍, ഫൈസലിന്റെ കാര്‍ കൊടുവള്ളിയില്‍ എത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും റജിസ്‌ട്രേഷന്‍ മാറുവാനോ നികുതി നല്‍കുവാനോ തയാറായിട്ടില്ലെന്നാണ് കണ്ടെത്തല്‍.

എല്‍ഡിഎഫ് ജനജാഗ്രതാ യാത്രയില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഢംബര വാഹനമായ മിനി കൂപ്പറില്‍ സഞ്ചരിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ആഢംബര വാഹനം ജനജാഗ്രതാ യാത്രക്ക് ഉപയോഗിച്ചതിന് പുറമേ, വാഹന ഉടമയ്‌ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനത്തിലാണ് കോടിയേരി സഞ്ചരിച്ചതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്.