ബാങ്കുകള്‍ എടിഎം സെന്ററുകള്‍ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്

single-img
28 October 2017

ന്യൂഡല്‍ഹി: പണമെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് എടിഎം സെന്ററുകള്‍ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ പണമിടപാട് മുഴുവന്‍ ഡിജിറ്റല്‍ സംവിധാനം വഴി നടത്താന്‍ തുടങ്ങിയതോടെ ഈ വര്‍ഷം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ വിവിധ ബാങ്കുകള്‍ 358 എടിഎം സെന്ററുകളാണ് അടച്ച് പൂട്ടിയത്.

നോട്ട് നിരോധനവും പ്രവര്‍ത്തന ചെലവ് ഏറിയതുമാണ് എടിഎമ്മുകള്‍ പൂട്ടുന്നതിന് ബാങ്കുകളെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ എടിഎം സെന്ററുകളുള്ള എസ്ബിഐ ജൂണ്‍ ആയപ്പോഴേക്കും 59291ല്‍ നിന്ന് 59,200 ആയി സെന്ററുകളുടെ എണ്ണം കുറച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് 10,083 ആയിരുന്നത് 10,502ഉം എച്ച്ഡിഎഫ്‌സി ബാങ്ക് 12,230ല്‍ നിന്ന് 12,225 ആയും എടിഎമ്മുകളുടെ എണ്ണം ചുരുക്കി.

മുംബയിലെ വിമാനത്താവളങ്ങള്‍ പോലുള്ള പ്രധാന കേന്ദ്രങ്ങളില്‍ 35 ചതുരശ്ര അടിയിലുള്ള എടിഎം സെന്ററുകള്‍ക്ക് പ്രതിമാസം 40,000 രൂപയാണ് പ്രവര്‍ത്തന ചെലവ്. മെട്രോ നഗരങ്ങളായ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ 8000 മുതല്‍ 15,000 വരെയാണ് ചെലവ്.

ഇത് കൂടാതെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം, അറ്റക്കുറ്റപ്പണി, വൈദ്യുതി എന്നിവയെല്ലാം കൂടി ചേരുമ്പോള്‍ ചെലവ് 30,000 രൂപയില്‍ എത്തും. എല്ലാദിവസവും 1518 സെന്റിഗ്രേഡ് ചൂടിലാണ് കിയോസ്‌കുകള്‍ സൂക്ഷിക്കുന്നത്. ഇത് വൈദ്യുതി ഏറെ വേണ്ടിവരുന്നതാണ്. ഇതിനെല്ലാംകൂടി 30,000 രൂപ മുതല്‍ ഒരു ലക്ഷംരൂപവരെ ചെലവുവരുമെന്നാണ് ബാങ്കുകള്‍ പറയുന്നത്.