അഹമ്മദ് പട്ടേലിന് ഐഎസ് തീവ്രവാദ ബന്ധമുണ്ടെന്ന് ബിജെപി;’എംപി സ്ഥാനം രാജിവയ്ക്കണം’

single-img
28 October 2017

അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേലിന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. ഗുജറാത്തില്‍ അടുത്തിടെ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ളയാള്‍, അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരന്‍ ആയിരുന്നെന്നാണ് ഇതിനു തെളിവായി രൂപാനി ചൂണ്ടിക്കാട്ടിയത്.

ഇതൊരു ഗൗരവമുള്ള വിഷയമാണ്. തീവ്രവാദിയെ പിടികൂടിയത് പട്ടേല്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ്. ഇവരെ പിടികൂടിയില്ലെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ. ഈ സാഹചര്യത്തില്‍ പട്ടേല്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്നും രൂപാനി ആവശ്യപ്പെട്ടു. രൂപാനിയുടെ ആരോപണത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും രംഗത്തെത്തി.

രണ്ടുദിവസം മുമ്പാണ് ഐ എസ് ബന്ധം സംശയിച്ച് രണ്ടുപേരെ തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയത്. ഇതില്‍ ഒരാള്‍ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ മുന്‍ജീവനക്കാരനായിരുന്നു. കാസിം സ്റ്റിംബര്‍വാല എന്നാണ് ഇയാളുടെ പേര് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഭാറൂച്ച് ജില്ലയിലെ അങ്ക്‌ലേശ്വറിലാണ് സര്‍ദാര്‍ പട്ടേല്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്. 2014 വരെ ഈ ആശുപത്രിയുടെ ട്രസ്റ്റിയായിരുന്നു അഹമ്മദ് പട്ടേല്‍. രൂപാണിയുടെ ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. സമാധാന പ്രിയരായ ഗുജറാത്തികളെ വിഭജിക്കരുതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. ഗുജറാത്ത് എടിഎസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നു താനും പാര്‍ട്ടിയും ആവശ്യപ്പെടുന്നതായും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് ഇത്തരം ആരോപണങ്ങള്‍ ബിജെപി ഉന്നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.