മുസ്ലിം യുവാവുമായുള്ള പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊല്ലുമെന്ന് ആര്‍.എസ്.എസ് ഭീഷണിയെന്ന് യുവതി; ‘നിര്‍ബന്ധിച്ച് യോഗ കേന്ദ്രത്തില്‍ എത്തിച്ച് മര്‍ദ്ദിച്ചു’

single-img
27 October 2017

മലപ്പുറം: മുസ്ലിം യുവാവുമായുള്ള പ്രണയബന്ധം ഉപേക്ഷിക്കണമെന്നും അല്ലെങ്കില്‍ കാമുകനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്നതായി യുവതി. ജീവിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പോലീസ് ഓഫീസില്‍ തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ട കൊണ്ടോട്ടി സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.

പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊലപ്പെടുത്തുമെന്നു യോഗാ കേന്ദ്രത്തിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നു യുവതി പരാതിയില്‍ ആരോപിച്ചു. 21 വയസുകാരിയായ പെണ്‍കുട്ടി കാമുകനൊപ്പം ഇന്നലെ വൈകിട്ട് ജില്ലാ പോലിസ് ആസ്ഥാനത്തെത്തി എസ്.പിയ്ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

പതിന്നാലു വയസു മുതല്‍ നാട്ടുകാരനായ മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഡിഗ്രിക്കു പഠിക്കുന്ന കാലത്തും പ്രണയം തുടരുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നെന്നും പരാതിയില്‍ പറയുന്നു. ബന്ധം ഉപേക്ഷിക്കാന്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ബന്ധു നിര്‍ബന്ധിച്ചിരുന്നു.

വഴങ്ങാതെ വന്നപ്പോള്‍ കഴിഞ്ഞ എപ്രില്‍ 15നു നിര്‍ബന്ധപൂര്‍വം തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. കാമുകന്റെ പിതാവ് നിരീശ്വരവാദിയാണ്. ഞാന്‍ മുമ്പ് മത വിശ്വാസിയായിരുന്നെങ്കിലും കാമുകന് ഇഷ്ടമല്ലെന്ന് അറിഞ്ഞതിനു ശേഷം എനിക്കും അതില്‍ താല്‍പര്യമില്ല.

പിതാവ് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് യോഗാ കേന്ദ്രത്തിലേക്കു കൊണ്ടുപോയത്. അവിടെ എത്തിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെന്നതെന്ന് എഴുതിയ സമ്മതപത്രത്തില്‍ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

യോഗ കേന്ദ്രത്തില്‍നിന്നും നേരത്തെ രക്ഷപ്പെട്ട ശ്രുതി, ശ്വേത, ആതിര എന്നിവരും മറ്റ് 65 സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവിടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ക്കെല്ലാം മര്‍ദനം ഏറ്റിട്ടുണ്ട്. ശബ്ദമുണ്ടാക്കിയാല്‍ വായില്‍ തുണി തിരുകുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കെട്ടിയിടുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.

അഞ്ചുമാസത്തിന് ശേഷം കേസും പ്രശ്‌നവും ഉണ്ടായപ്പോള്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരേയും വീടുകളിലേക്ക് പറഞ്ഞയക്കുകയായിരുന്നെന്നും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

അതേസമയം മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയ ശേഷം യുവതിയേയും കാമുകനേയും കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും യുവതിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുമെന്നും കൊണ്ടോട്ടി പോലീസ് പറഞ്ഞു.