പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഖബറടക്കവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണവുമായി ജനം ടിവിയും സംഘപരിവാറും: ‘മൃതദേഹം ഖബറടക്കരുത്, ദഹിപ്പിക്കണം’

single-img
27 October 2017

കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഖബറടക്കവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണവുമായി ജനം ടിവിയും സംഘപരിവാറും. പുനത്തില്‍ തന്റെ മൃതദേഹം ദഹിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അപ്രകാരം ചെയ്യാതെ ഖബറടക്കുന്നത് മതമൗലിക വാദമാണെന്നാണ് ആര്‍.എസ്.എസിന്റെയും ജനം ടിവിയുടേയും ആരോപണം.

ജനം ടിവിയുടെ ആരോപണം ഇങ്ങനെ:

‘മരണത്തിനു ശേഷം തന്റെ മൃതദേഹം ഹൈന്ദവാചാരപ്രകാരം ദഹിപ്പിക്കണമെന്ന സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ആഗ്രഹത്തിനു വിരുദ്ധമായി മൃതദേഹം കബറടക്കാന്‍ തീരുമാനം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പുനത്തില്‍ തന്റെ മരണശേഷം മൃതദേഹം സംസ്‌ക്കരിക്കണമെന്നും, ചിതാഭസ്മം പുഴയിലൊഴുക്കണമെന്നും തുറന്നു പറഞ്ഞിരുന്നു. പല സുഹൃത്തുക്കളും അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ ഇത് പരസ്പരം ചര്‍ച്ച ചെയ്തിരുന്നു.

ഹൈന്ദവാചാരപ്രകാരം ജീവിക്കണമെന്നും, അന്ത്യകര്‍മ്മങ്ങള്‍ അതേ രീതിയില്‍ ചെയ്യണമെന്നുമുള്ള ആഗ്രഹം തുറന്നു പറഞ്ഞതിനാലാണ് തന്റെ വിവാഹബന്ധം വേര്‍പെടുത്തേണ്ടി വന്നതെന്നും അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

എന്നാല്‍ നിലവില്‍ മൃതദേഹം മടപ്പള്ളി ജുമാമസ്ജിദില്‍ കബറടക്കാനാണ് തീരുമാനം. ബന്ധുക്കളും, പള്ളി അധികൃതരും ചേര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്റെ ശവസംസ്‌ക്കാരം അദ്ദേഹത്തിന്റെ ആഗ്രഹത്തിനു വില കല്‍പ്പിക്കാതെ നടക്കുന്നുവെന്ന് അറിഞ്ഞതോടേ ആരാധകരും, സാംസ്‌ക്കാരിക നേതാക്കന്മാരും ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.’

പുനത്തിലിന്റെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ജനം ടിവിയുടെ പ്രധാന ചര്‍ച്ച ഇക്കാര്യമാണ്. പുനത്തിലിന്റെ ഖബറടക്കത്തിന് കേരളത്തിലെ എഴൂത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കൂട്ടുനില്‍ക്കുകയാണെന്നും അവര്‍ മതമൗലിക വാദത്തിന് വളം വയ്ക്കുകയാണെന്നുമാണ് ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളുടെ വാദം.