ബിജെപി വീണ്ടും വെട്ടില്‍: പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഒരു കോടി നല്‍കാമെന്ന് ബിജെപി നേതാവ് പറയുന്ന ഓഡിയോ സംഭാഷണം പുറത്ത്

single-img
27 October 2017

ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ വീണ്ടും രംഗത്ത്. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് പറയുന്ന ഫോണ്‍ സംഭാഷണവും നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടു. നാല്‍പത് ശതമാനം ഇന്നും അറുപത് ശതമാനം നാളെയും തരാം.

ഇന്നുതന്നെ മാധ്യമങ്ങളെകണ്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കണം എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പട്ടേലിനോട് നിര്‍ദേശിക്കുന്നത്. ഡിസംബറില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

ബിജെപിയില്‍ ചേര്‍ന്ന അന്നുതന്നെ വാര്‍ത്താസമ്മേളനം വിളിച്ച നരേന്ദ്ര പട്ടേല്‍ തനിക്ക് പാര്‍ടി ഒരുകോടി വാഗ്ദാനംചെയ്‌തെന്ന ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചപ്പോഴാണ് പണം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടത്.

തന്നെ ബിജെപിയില്‍ ചേര്‍ക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് വരുണ്‍ ആണെന്ന് നരേന്ദ്ര പട്ടേല്‍ പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് തന്നെ തന്നാലും ബിജെപിക്ക് എന്നെ വിലയ്‌ക്കെടുക്കാനാകില്ല. വരുണ്‍ പട്ടേലിനെയും ബിജെപിയേയും ജനമധ്യത്തില്‍ തുറന്നുകാണിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നതും പണം സ്വീകരിച്ചതെന്നും നരേന്ദ്ര പട്ടേല്‍ വ്യക്തമാക്കിയിരുന്നു.