മദ്യപിച്ച് പൊലീസ് വാഹനത്തില്‍ കറങ്ങിയ ഐജിക്കെതിരെ നടപടി എടുക്കണമെന്ന് ഡിജിപി

single-img
27 October 2017

തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഐജിക്കെതിരെ നടപടി വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജന് എതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് ബെഹ്‌റ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തു നല്‍കിയത്.

മദ്യലഹരിയില്‍ പൊലീസ് വാഹനത്തില്‍ കറങ്ങിയ ക്രൈംബ്രാഞ്ച് ഐ.ജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അഞ്ചല്‍ തടിക്കാട് റോഡില്‍ പൊലീസ് സ്റ്റേഷനു സമീപം ഐ.ജിയുടെ ഓദ്യോഗിക വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസുകാരന്‍ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഡ്രൈവറും ഐ.ജിയും മദ്യലഹരിയിലാണെന്ന് മനസ്സിലായത്.

ഉടന്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതോടെ എസ്.ഐയും സംഘവുമെത്തി ഡ്രൈവറെ മാറ്റി വാഹനത്തോടൊപ്പം ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ഇരുവരും മദ്യപിച്ചെന്ന് ബോധ്യമായതോടെ മദ്യപിച്ച് വാഹനമോടിച്ചതിന് ക്രൈംബ്രാഞ്ച് ഐജിയെ ഒഴിവാക്കി ഡ്രൈവര്‍ സന്തോഷിനെതിരെ കേസെടുത്തു. പിന്നീടു ജാമ്യത്തില്‍ വിട്ടു.