മലേഷ്യയില്‍ കൊല്ലപ്പെട്ട മലയാളി സ്ത്രീ കാമുകനെ കൊന്ന് സ്യൂട്ട്‌കേസിലാക്കിയ കേസിലെ ഡോ. ഓമനയെന്ന് സൂചന

single-img
26 October 2017

തളിപ്പറമ്പ്: വര്‍ഷങ്ങള്‍ക്ക് മുമ്പ് കാമുകനെ കൊന്ന് വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഡോ. ഓമന മലേഷ്യയില്‍ കൊല്ലപ്പെട്ടുവെന്ന് സൂചന. മലേഷ്യയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച മലയാളി സ്ത്രീ ഡോ. ഓമനയാണെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

മലേഷ്യയിലെ സുബാങ് ജായ സേലങ്കാര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍ നിന്നും വീണു മരിച്ച അജ്ഞാത സ്ത്രീയുടെ ചിത്രം സഹിതം മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ചിത്രം കണ്ട് സംശയം തോന്നിയ ചിലരാണ് വിവരം പോലീസിനെ അറിയിച്ചത്. തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലാണ് കേസ് അന്വേഷിക്കുന്നത്.

1996 ജൂലൈ 11-നാണ് ഓമന പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ച കാമുകനും പയ്യന്നൂരിലെ കരാറുകാരനുമായ മുരളീധരനെ ഊട്ടിയിലെ ലോഡ്ജില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വെട്ടിമുറിച്ച് സ്യൂട്ട്‌കെയ്‌സിലാക്കി ആന്തരികാവയവങ്ങള്‍ ചെറുകഷ്ണങ്ങളാക്കി മുറിയിലെ ടോയ്ലറ്റില്‍തന്നെ ഫ്‌ളഷ് ചെയ്തു.

മൃതദേഹം ഉപേക്ഷിക്കാന്‍ ഊട്ടിയില്‍നിന്ന് കൊടൈക്കനാലിലേക്ക് കാറില്‍ പോകവേ പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ട ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയും ഓമന അറസ്റ്റിലാവുകയുമായിരുന്നു.

1998-ല്‍ ജീവപര്യന്തം തടവ് ലഭിച്ച ഓമന 2001-ല്‍ പരോളിലിറങ്ങിയ ശേഷം തിരിച്ചു ജയിലില്‍ എത്തിയില്ല. ഇന്റര്‍പോള്‍ ഡോ. ഓമനയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. 16 വര്‍ഷങ്ങളായി ഡോ. ഓമനയെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.