തലസ്ഥാനത്ത്‌ സംഘർഷം സൃഷ്ടിക്കാനുള്ള പോലീസുകാരന്റെ പണി പാളി; ബിജെപിയുടെ കൊടിമരം നശിപ്പിക്കുന്ന എഎസ്ഐയുടെ സിസിടിവി ദൃശ്യം പുറത്ത്

single-img
26 October 2017

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരില്‍ ബിജെപിയുടെ കോടിമരം പൊലീസുകാരന്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഊരൂട്ടമ്പലം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം പൊലീസ് ജീപ്പില്‍ വന്നിറങ്ങിയ യൂണിഫോം ധരിച്ച പൊലീസുകാരന്‍ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

https://youtu.be/gN1VBtj0dCE

മാറനല്ലൂര്‍ എഎസ്ഐ സുരേഷാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു പോലീസുകാരന്‍ നോക്കി നില്‍ക്കുന്നതായും കാണാം. ബിജെപിയുടെ കൊടിമരങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ പ്രദേശത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ ബിജെപി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തെ സിപിഎം-ബിജെപി കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും പരക്കെ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളുടെ പേരില്‍ പരസ്പരം ആരോപണങ്ങള്‍ ബിജെപിയും സിപിഎമ്മും ഉന്നയിക്കുന്നതിനിടെയാണ് യഥാര്‍ഥ കള്ളന്‍ സിസിടിവിയില്‍ കുടുങ്ങിയത്.