ജി.എസ്.ടിയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ഒന്നുമറിയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

single-img
25 October 2017

ന്യൂഡല്‍ഹി: ജി.എസ്.ടിയെക്കുറിച്ച് കോണ്‍ഗ്രസുകാര്‍ക്ക് ഒന്നുമറിയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജി.എസ്.ടിയെക്കുറിച്ച് അറിവ് കുറവായതിനാലാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെതിരെ സംസാരിക്കുന്നത്.

സ്ലാബുകള്‍ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന മന്ത്രിമാര്‍ക്ക് അറിയാം. ഇത് ഒരു ഒറ്റരാത്രി പ്രക്രിയയല്ലെന്ന് മനസ്സിലാക്കേണ്ടതാണ്. എല്ലാം 18 ശതമാനം ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവന്നത് ആഡംബര സാധനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നവരെ സഹായിക്കാനാണ്.

ബി.എം.ഡബ്ല്യു, മേഴ്‌സിഡസ് എന്നിവയുടെ വിലകുറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടോയെന്ന് ജെയ്റ്റ്‌ലി ചോദിച്ചു. കോണ്‍ഗ്രസ്സിന്റെ ഭരണകാലം സാമ്പത്തിക ശക്തിയെ എങ്ങനെ ബാധിച്ചുവെന്ന് നമുക്കെല്ലാം അറിയാം. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവര്‍ അധിക പണം നല്‍കി.

നയപരമായ പ്രശ്‌നങ്ങള്‍ക്ക് വിധേയമായ നിലയിലായിരുന്നു അക്കാലത്ത് ഇന്ത്യ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ തങ്ങള്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമാന്തരമായിട്ടുളളതാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെ പാതയിലാണ് ഇന്ത്യ.

ബാങ്കുകളില്‍ മൂലധനച്ചെലവില്‍ വലിയ അളവില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും സമാനമായ ഉത്തേജനം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. എ.എന്‍.ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജെയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍.