വിവാദങ്ങള്‍ക്കൊടുവില്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

single-img
25 October 2017

വിവാദങ്ങള്‍ക്കൊടുവില്‍ ഗുജറാത്തില്‍ തിരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ ഒന്‍പത്, 14 തീയതികളില്‍ വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അചല്‍കുമാര്‍ ജോതിയാണ് ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ തീയതി പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിക്കുമെന്നും അചല്‍കുമാര്‍ ജോതി പറഞ്ഞു. ജനുവരിയില്‍ കാലാവധി തീരുന്ന 68 അംഗ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 9നാണ് വോട്ടെടുപ്പ് നടക്കുന്നത്.

അന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ, 115 മുതല്‍ 125 സീറ്റുവരെ നേടി ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന ഇന്ത്യാ ടുഡെ അഭിപ്രായ സര്‍വേഫലം പുറത്തുവന്നു. കോണ്‍ഗ്രസ് 57 മുതല്‍ 65 സീറ്റുവരെ നേടുമെന്നും ബിജെപിയുടെ വോട്ടു ശതമാനത്തില്‍ കുറവുണ്ടാകുമെന്നും സര്‍വെ പറയുന്നു.