മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 50 ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു; ലൈസന്‍സ് റദ്ദാക്കുമെന്ന് പോലീസ്

single-img
24 October 2017

സംസ്ഥാനത്തെ നാല് ജില്ലകളില്‍ പോലീസ് നടത്തിയ സ്‌കൂള്‍ ബസ് പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച 50 ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ സ്‌കൂള്‍ ബസുകളില്‍ പോലീസ് ഓപ്പറേഷന്‍ ലിറ്റില്‍സ്റ്റാര്‍ എന്ന പേരിലുള്ള പരിശോധന നടത്തിയത്.

വാഹന പരിശോധനയില്‍ പരിധിയില്‍ അധികം സ്‌കൂള്‍ കുട്ടികളെ കയറ്റിയ 90 വാഹനങ്ങളാണ് കണ്ടെത്തിയത്. അമിതവേഗം ഉള്‍പ്പെടെയുള്ള ക്രമക്കേടിന് ഏഴു വാഹനങ്ങള്‍ കസ്റ്റഡയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് എറണാകുളം റേഞ്ച് ഐ ജി പി വിജയന്‍ പറഞ്ഞു.

ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുള്ള കുറ്റങ്ങളും ചുമത്തുമെന്നും എറണാകുളം റേഞ്ച് ഐ ജി പി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ നേരിട്ട് നടത്തുന്ന ബസ് സര്‍വ്വീസ് ആണെങ്കില്‍ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും പങ്കുണ്ടെന്നും ഐ ജി പറഞ്ഞു.