ഐ.വി ശശിയുടെ സംസ്‌കാരം വ്യാഴാഴ്ച ചെന്നൈയില്‍ നടക്കും; കേരളത്തിലേക്ക് കൊണ്ടുവരില്ല

single-img
24 October 2017

അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഐ.വി ശശിയുടെ സംസ്‌കാരം ചെന്നൈയില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 10ന് പോരൂര്‍ ശ്മശാനത്തിലായിരിക്കും സംസ്‌കാരം. ബന്ധുക്കളാണ് ഈ വിവരം അറിയിച്ചത്. ഓസ്‌ട്രേലിയയിലുള്ള മകള്‍ അനു എത്തിയ ശേഷമായിരിക്കും സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുക.

നാളെ ഉച്ചയ്ക്കു ശേഷം മകള്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. അതേസമയം മൃതദേഹം ചെന്നൈയിലെ വടപളനിയിലുള്ള വസതിയില്‍ എത്തിച്ചു. സംവിധായകരായ ഹരിഹരന്‍, പ്രിയദര്‍ശന്‍ തുടങ്ങി നിരവധിപ്പേര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

നേരത്തെ, ഐ.വി.ശശിയുടെ സംസ്‌കാരം കോഴിക്കോട്ട് നടത്തണമെന്ന് സംവിധായകന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കള്‍ സമ്മതിച്ചാല്‍ കോഴിക്കോട്ട് സംസ്‌കാരം നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കാന്‍ തയാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മകളുടെ അടുത്തേക്ക് ഭാര്യ സീമയ്ക്കും മകനുമൊപ്പം ഇന്ന് രാത്രി യാത്ര തിരിക്കാനിരിക്കേയാണ് മരണം ഐ.വി ശശിയെ കവര്‍ന്നെടുത്തത്.

യാത്രയ്ക്കുള്ള ടിക്കറ്റും വീല്‍ചെയര്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ന്യൂസിലാന്‍ഡില്‍ ആയിരുന്ന മകന്‍ ഇന്നലെ രാത്രിയാണ് ചെന്നൈയിലെ വീട്ടില്‍ എത്തിയത്. ഇന്നു രാവിലെ അപ്രതീക്ഷിതമായാണ് മരണം കടന്നുവന്നത്. രോഗം മൂര്‍ഛിച്ച ഐ.വി ശശിയെ മകനും ഭാര്യയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.