ഒരു കല്ല്യാണം കഴിച്ച് കുട്ടിയായതോടെ കടമായി; അത് തീര്‍ക്കാന്‍ വീണ്ടും കെട്ടി; അങ്ങനെ ഏഴു കല്ല്യാണങ്ങള്‍; 8ാമത് കെട്ടാനൊരുങ്ങവേ പിടികൂടി; കാളികാവ് പോലീസ് സ്റ്റേഷനില്‍ ഭാര്യമാരുടെ സംഗമവും നാടകീയ രംഗങ്ങളും

single-img
24 October 2017

കാളികാവ്: ഒരു കല്ല്യാണത്തിന്റെ കടം തീര്‍ക്കാന്‍ മറ്റൊരു കല്ല്യാണം, അങ്ങനെ തടര്‍ച്ചയായി ഏഴു കല്യാണം കഴിച്ച വിവാഹത്തട്ടിപ്പ് വീരനെ പിടികൂടി. കാളികാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഭര്‍ത്താവ് കബളിപ്പിച്ചു എന്ന പരാതിയില്‍ കുറ്റിപ്പുറം സ്വദേശിയാണ് കരുവാരക്കുണ്ട് പോലീസിനെ ആദ്യം സമീപിച്ചത്.

ഇതേത്തുടര്‍ന്ന് കരുവാരക്കുണ്ടിലെ ഭാര്യ വീട്ടില്‍നിന്നും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് പിടിയിലായ വിവരമറിഞ്ഞ് വേറെയും ഭാര്യമാര്‍ രംഗത്തെത്തി. ഭര്‍ത്താവിന്റെ തട്ടിപ്പുക്കഥകളറിയാതെ എല്ലാ സ്ത്രീകളും കബളിപ്പിക്കപ്പെടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

അതിനിടെ ഇയാള്‍ക്കെതിരെ കാളികാവിലെ ഭാര്യയും പരാതി നല്‍കിയിരുന്നു. അതിനാല്‍ ഇയാളെ കാളികാവ് പോലീസിനു കൈമാറി. എന്നാല്‍ വിവാഹസമയത്തു നല്‍കിയ 50,000 രൂപയും വിദേശത്തേക്കു പോകാന്‍ ടിക്കറ്റിനു നല്‍കിയ 30,000 രൂപയും തിരിച്ചുതന്നാല്‍ കേസുമായി പോകാന്‍ താത്പര്യമില്ലെന്ന് പരാതിക്കാരി അറിയിച്ചു.

എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഭര്‍ത്താവിന്റെ കൈയില്‍ പണവുമില്ല. പക്ഷേ, എണ്‍പതിനായിരമല്ല ഒരുലക്ഷം തന്നെ താന്‍ തരാമെന്നു പറഞ്ഞ് വിവാഹദല്ലാള്‍ രംഗത്തെത്തിയതോടെ പോലീസും ഞെട്ടി. പിന്നീടാണ് ദല്ലാളിന്റെ സ്‌നേഹത്തിന്റെ കാരണം വെളിപ്പെടുന്നത്.

ഈ കുരിശൊന്നു തീര്‍ത്തിട്ടുവേണം ഇയാളെക്കൊണ്ട് വയനാട്ടില്‍ വീണ്ടും കല്ല്യാണം കഴിപ്പിക്കാന്‍. അതുകഴിഞ്ഞാല്‍ ഒരു വലിയതുക ആമപ്പൊയില്‍ സ്വദേശിയായ ദല്ലാളിന് കിട്ടും. ആവശ്യപ്പെട്ടതിലുമധികം തുക നല്‍കാമെന്നേറ്റതോടെ പരാതിക്കാരി പരാതി പിന്‍വലിച്ചു.

ഇതിനിടയില്‍ മറ്റു ഭാര്യമാര്‍ക്ക് പോലീസ് സ്റ്റേഷനില്‍വെച്ച് പരസ്പരം പരിചയപ്പെടാനും അവസരം ലഭിച്ചു. ചിലര്‍ സ്‌നേഹം പങ്കുവെച്ചു, ചിലര്‍ പോരുകാണിച്ച് മുഖംതിരിച്ചു. ഒടുവില്‍ പരാതിക്കാരിയായ ഭാര്യയെ ഒഴിവാക്കി മറ്റുള്ളവര്‍ ഭര്‍ത്താവിന്റെ കൂടെ ഇറങ്ങിപ്പോകുകയും ചെയ്തു.

കുടുങ്ങിയെന്നു ബോധ്യമായതോടെ നിലവിലുള്ള രീതിയില്‍ കെട്ടിയോന്റെകൂടെ തുടരാന്‍ തന്നെയാണ് ആറു ഭാര്യമാരുടെയും തീരുമാനം. ഒരു കല്യാണം കഴിച്ച് കുട്ടിയുണ്ടാകുന്നതോടെ സാമ്പത്തികപ്രശ്‌നം തുടങ്ങും. അതു പരിഹരിക്കാന്‍ മറ്റൊരു കല്യാണം കഴിക്കും.

ഇതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് പറയുന്നത്. പരാതിയില്ലാത്തതിനാല്‍ പോലീസിനും ഒന്നും ചെയ്യാനില്ലാതായി. ദല്ലാളും ഒന്നിലേറെ കല്യാണം കഴിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.