അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളത്തിന് കിരീടം

single-img
23 October 2017

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലക്കാടിനേക്കാള്‍ 74 പോയിന്റിന്റെ വ്യക്തമായ ലീഡോടെ 252 പോയിന്റുമായാണ് എറണാകുളത്തിന്റെ കിരീടനേട്ടം. കഴിഞ്ഞ തവണ 8 പോയിന്റുകളുടെ വ്യത്യാസത്തില്‍ അവസാന നിമിഷമാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്.

184 പോയിന്റുമായി പാലക്കാടും 110 പോയിന്റുമായി കോഴിക്കോടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സ്‌കൂളുകളില്‍ 75 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ കിരീടം നേടിയപ്പോള്‍ 63 പോയിന്റുമായി കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂള്‍ രണ്ടാമതും 57 പോയിന്റുമായി പാലക്കാട് പറളി സ്‌കൂള്‍ മൂന്നാമതും എത്തി.

മീറ്റില്‍ ദേശീയ റെക്കോര്‍ഡുകള്‍ മറികടന്ന ആറു പ്രകടനങ്ങള്‍ ഉണ്ടായി. ലോങ് ജംപില്‍ സാന്ദ്ര ബാബു, ആന്‍സി സോജന്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പി, 5000 മീറ്റര്‍ ഓട്ടത്തില്‍ അജിത്ത് പി.എന്‍, 800 മീറ്ററില്‍ അഭിഷേക് മാത്യു, ഹൈ ജംപില്‍ ജിഷ്ണ മാത്യു എന്നിവരാണ് ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.

അതേസമയം, സീനിയര്‍ പെണ്‍കുട്ടികളുടെ 4 400 മീറ്റര്‍ റിലേയില്‍ പാലക്കാട് സ്വര്‍ണം നേടി. എറണാകുളത്തിനാണ് രണ്ടാം സ്ഥാനം. സീനിയര്‍ ആണ്‍കുട്ടികളുടെ 4 400 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരത്തിനാണ് ഒന്നാം സ്ഥാനം.

അതിനിടെ, സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണനേട്ടം കൈവരിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്റ് ഡബിളും കരസ്ഥമാക്കി.

സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാടിന്റെ ടി.പി. അമലും ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരത്തിന്റെ സി. അഭിനവുമാണ് ജേതാക്കള്‍.