ജിഷ്ണു പ്രണോയ് കേസ്: അന്വേഷണ സംഘത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് കോടതി

single-img
23 October 2017

പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ സംഘത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് കോടതി ആരാഞ്ഞു.

കേസ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രതികളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്, വൈസ്പ്രിന്‍സിപ്പല്‍ ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രവര്‍ഷം വേണ്ടിവരുമെന്ന് കോടതി ആരാഞ്ഞത്. കേസ് ഏറ്റെടുക്കുന്നതിലുള്ള നിലപാട് സിബിഐ അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അതിനിടെ, കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പി.കൃഷ്ണദാസ് അടക്കം ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് കേസില്‍ കക്ഷി ചേരാന്‍ മഹിജ സമര്‍പ്പിച്ച അപേക്ഷയിലുള്ളത്. ജനുവരി ആറിനാണ് പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കൊലപാതകമാണെന്നും അതല്ല ആത്മഹത്യയാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് കേസില്‍ സി.ബി.ഐ അന്വേഷണത്തിന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നത്.