‘വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ടുവരൂ’; ദമ്പതികളെ വട്ടംകറക്കി മുക്കം നഗരസഭ

single-img
22 October 2017

കോഴിക്കോട്: ‘വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഒന്നുകൂടി വിവാഹം കഴിച്ചിട്ടുവരൂ.’ സര്‍ട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികള്‍ക്കു മുക്കം നഗരസഭയില്‍ നിന്നു കിട്ടിയ മറുപടിയാണിത്. വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം നല്‍കണമെന്ന് നഗരസഭ ചട്ടം നിലനില്‍ക്കെയാണ് കോട്ടയം കോരുത്തോട് സ്വദേശി ജോഷി ജയിംസും ഭാര്യ ബിന്ദുവും 40 ദിവസം നഗരസഭ കയറിയിറങ്ങേണ്ടി വന്നത്.

സെപ്റ്റംബര്‍ 11ന് ആണു വിവാഹ സര്‍ട്ടിഫിക്കറ്റിനു ജോഷിയും ബിന്ദുവും മുക്കം നഗരസഭയില്‍ അപേക്ഷ നല്‍കിയത്. അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. ഒടുവില്‍ പറഞ്ഞ രേഖകളെല്ലാം നല്‍കിയതോടെ വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തയാറായത് വ്യാഴാഴ്ചയായിരുന്നു. അന്നു തന്നെ മുക്കം നഗരസഭയിലെ റജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ബിന്ദുവും ജോഷിയും ഒപ്പുവച്ചു.

ഇനി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് എടുത്തുകിട്ടുകയേ വേണ്ടൂവെന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. എന്നാല്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് പ്രിന്റെടുക്കാന്‍ സാധിക്കില്ലെന്നും ബ്ലോക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാളെ വരുമെന്നും രാവിലെ കയ്യോടെ പ്രിന്റ് എടുത്ത് തരാമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പിറ്റേന്നു രാവിലെ 10 മണിക്കുതന്നെ ഇവര്‍ എത്തി. ഭക്ഷണം പോലും കഴിക്കാതെ അഞ്ചുമണി വരെ കാത്തിരുന്നിട്ടും ഉദ്യോഗസ്ഥര്‍ അകത്തേയ്ക്ക് വിളിച്ചില്ല.

ഒടുവില്‍ ഉദ്യോഗസ്ഥര്‍ സീറ്റില്‍ നിന്നെഴുന്നേറ്റപ്പോഴാണു ദമ്പതികള്‍ വണ്ടും അവരെ സമപിച്ചത്. എന്നാല്‍ നിങ്ങളുടെ അപേക്ഷ അപ്രൂവല്‍ ലഭിക്കാന്‍ സിവില്‍ സ്റ്റേഷനിലേക്ക് അയച്ചിരിക്കുകയാണ് എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. അപ്പോള്‍ തന്നെ സിവില്‍ സ്റ്റേഷനിലെ സര്‍ട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ഇനി പ്രിന്റു മാത്രമേയുള്ളൂവെന്ന് അദ്ദേഹം തറപ്പിച്ചു പറയുകയായിരുന്നു.

തുടര്‍ന്ന് കള്ളം പൊളിഞ്ഞതോടെ ശ്രദ്ധിക്കാതെ അപേക്ഷ കാന്‍സല്‍ ചെയ്തു പോയതാണെന്ന് ഉദ്യോഗസ്ഥര്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. പുതിയ സര്‍ട്ടിഫിക്കറ്റിനു നിയമപരമായി വീണ്ടും വിവാഹം കഴിക്കണമെന്നായിരുന്നു അവരുടെ ഉപദേശം.
ഇതോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഓഫിസ് അടയ്ക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് ഗമ്പതികള്‍ കവാടത്തില്‍ തന്നെ നിലയുറപ്പിച്ചു.

അതേസമയം ദമ്പതികള്‍ ജോര്‍ജ് എം.തോമസ് എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെടുകയും ഇതേതുടര്‍ന്ന് നഗരസഭാധ്യക്ഷന്‍ വി.കുഞ്ഞന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ പ്രശോഭ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തുകയും ചെയ്തു. പ്രശ്‌നം ഗുരുതരമായതോടെ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പു നല്‍കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ഇസ്രയേലില്‍ ജോലിക്കായി നാളെ മുംബൈയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ നിവൃത്തികെട്ടാണു സമരം ചെയ്യേണ്ടിവന്നതെന്നു ജോഷിയും ബിന്ദുവും പറഞ്ഞു.