മോദി ഇന്ന് ഗുജറാത്തില്‍ എത്താനിരിക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി: അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരും

single-img
22 October 2017

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്ത് പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പായി. അല്‍പേഷ് താക്കൂറിന്റെ കോണ്‍ഗ്രസ് പ്രവേശനം അഹമ്മദാബാദില്‍ ബുധനാഴ്ച്ച നടക്കുന്ന ജനദേശ് സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഗുജറാത്തിലെ ഒബിസി, എസ്‌സിഎസ്ടി ഏക്താ മഞ്ചിന്റെ കണ്‍വീനറാണ് അല്‍പേഷ് താക്കൂര്‍. താക്കൂര്‍ കോണ്‍ഗ്രസില്‍ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സോളങ്കി പ്രതികരിച്ചു.

അതിനിടെ ബിജെപി വിരുദ്ധ വിശാലവേദിക്കു രൂപംനല്‍കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങി. സംസ്ഥാനത്തു ബിജെപിയുടെ ഉറക്കംകെടുത്തുന്ന പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് അവകാശമുന്നണി നേതാവ് ജിഗ്‌നേഷ് മെവാനി, എന്നിവരെ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചു.

എന്നാല്‍ ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയിലേക്കില്ലെന്ന നിലപാടിലാണ്. ദലിത് അവകാശമുന്നണി രാഷ്ട്രീയ കാഴ്ചപ്പാടുള്ള പ്രസ്ഥാനമാണെന്നും അതിലെ അംഗങ്ങളുമായും സമാന കൂട്ടായ്മകളുമായും ചര്‍ച്ച നടത്തിയ ശേഷം കോണ്‍ഗ്രസിന്റെ ക്ഷണത്തോടു പ്രതികരിക്കുമെന്നും ജിഗ്‌നേഷ് മെവാനി അറിയിച്ചു.

പട്ടേലുകളുടെ സ്വാധീനവും ദലിതുകളുടെ സാന്നിധ്യവുമുള്ള സൗരാഷ്ട്ര മേഖലയിലെ 58 സീറ്റുകളാണു കോണ്‍ഗ്രസിനു നിര്‍ണായകം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് മാത്രമാണു കോണ്‍ഗ്രസിനു നേടാനായത്. 88% ഹിന്ദു വോട്ടുള്ള ഗുജറാത്തില്‍ അതില്‍ അന്‍പതു ശതമാനത്തോളമാണു പിന്നാക്ക സമുദായങ്ങള്‍.

ക്ഷത്രിയ, പിന്നാക്ക ദലിത് ആദിവാസി സമുദായങ്ങള്‍ക്കിടയില്‍ വേരോട്ടമുള്ള അല്‍പേഷിനെയും എട്ടു ശതമാനം വരുന്ന ദലിതുകളുടെ നേതാക്കളിലൊരാളായ ജിഗ്‌നേഷിനെയും തേടി കോണ്‍ഗ്രസ് എത്തുന്നതിന്റെ രാഷ്ട്രീയം, ഈ മൂന്നു നേതാക്കള്‍ക്കും സമുദായങ്ങള്‍ക്കും 120 മണ്ഡലങ്ങളിലെങ്കിലും അട്ടിമറി സൃഷ്ടിക്കാന്‍ കഴിയുമെന്നതാണ്.

പട്ടേല്‍, ദലിത്, കര്‍ഷക ജിഎസ്ടി പ്രതിഷേധം തുടങ്ങിയ കാരണങ്ങളാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടില്‍ പത്തുശതമാനത്തോളം കുറവു വന്നേക്കാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലുമുണ്ട്.