‘മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ക്ക് സരിതയുമായി ബന്ധം: ദൃശ്യങ്ങള്‍ ഗണേശ് കുമാറിന്റെ കൈവശം’

single-img
21 October 2017

സോളാര്‍ കേസില്‍ മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. ഗണേശ് കുമാറിനായി പത്തനാപുരത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഒരു നടനാണ് ഇതില്‍ ഒരാളെന്നും ബിജു രാധാകൃഷ്ണന്‍ ജയിലില്‍നിന്ന് അയച്ച കത്തില്‍ പറയുന്നു.

സൂപ്പര്‍ താരങ്ങള്‍ക്ക് സരിതയുമായി ബന്ധമുള്ളതിന്റെ ദൃശ്യങ്ങള്‍ ഗണേശിന്റെ കൈവശമുണ്ടെന്നും അഭിഭാഷക നിഷ. കെ. പീറ്ററിന് അയച്ച കത്തില്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നു.

സോളാര്‍ പദ്ധതിയെ സഹായിക്കാമെന്നേറ്റ് ഉമ്മന്‍ ചാണ്ടി ഒരു കോടി രൂപ കോഴ വാങ്ങിയെന്നും ജാമ്യത്തിലിറക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്നെന്നും ബിജുവിന്റെ ആരോപണത്തില്‍ പറഞ്ഞിട്ടുണ്ട്. കക്കാനും നില്‍ക്കാനും അറിയാവുന്ന പഠിച്ച കള്ളനാണ് ഉമ്മന്‍ ചാണ്ടിയെന്നും നുണ പരിശോധനയ്ക്ക് തയാറുണ്ടോയെന്നും ബിജു രാധാകൃഷ്ണന്‍ ചോദിച്ചു.

മല്ലേലില്‍ ശ്രീധരന്‍ നായരുടെയും തിരുവനന്തപുരത്തെ ടി.സി. മാത്യുവിന്റേയും സോളാര്‍ ഇടപാടുകളിലും ഉമ്മന്‍ ചാണ്ടിക്കു നേരിട്ടു പങ്കുണ്ട്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ടു ബംഗളുരുവിലുള്ള കേസില്‍ തെളിവുകള്‍ ഹാജരാക്കാതിരിക്കാന്‍ പരാതിക്കാരനായ എം.കെ. കുരുവിളയെ ഉമ്മന്‍ ചാണ്ടി സ്വാധീനിച്ചു.

ബംഗളുരു കേസിലെ പരാതിക്കാരനായ എം.കെ. കുരുവിളക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കുരുവിള തെളിവുകള്‍ സമര്‍പ്പിക്കാതെ ഇരുന്നതിനാല്‍ ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തനായി. പക്ഷേ പിന്നീട് പണം നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു.

2000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്കു സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരാമെന്ന ഉറപ്പിലാണ് ഒരു കോടി രൂപ ഉമ്മന്‍ ചാണ്ടിക്കു കൊടുത്തത്. സോളാര്‍ കേസില്‍ സര്‍ക്കാരിന്റെ പുനരന്വേഷണ തീരുമാനത്തിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി ബിജു രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.

ഭാര്യ രശ്മിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു തിങ്കളാഴ്ച മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അഭിഭാഷക മുഖേന കത്ത് നല്‍കാനാണ് ബിജുവിന്റെ തീരുമാനം.

കടപ്പാട് : മംഗളം