ജനരക്ഷാ യാത്ര പിണറായിയുടെ സമനില തെറ്റിച്ചെന്ന് ബി.ജെ.പി; ‘സംവാദത്തിന് സമാധാനപൂര്‍ണമായ അന്തരീക്ഷമാണ് വേണ്ടത്’

single-img
21 October 2017


തിരുവനന്തപുരം: സംവാദത്തിന് ആദ്യം വേണ്ടത് സമാധാനപൂര്‍ണമായ അന്തരീക്ഷമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വികസന സംവാദത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഒളിച്ചോടിയെന്ന ആക്ഷേപം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കൊലക്കത്തി പുറകില്‍ ഒളിപ്പിച്ച് വെച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിനും എതിരാളികളെ ക്ഷണിക്കാന്‍ അതീവ കൗശലക്കാരന് മാത്രമേ സാധിക്കൂ. കേരളം കൈവരിച്ച പുരോഗതിക്കെല്ലാം അവകാശി താങ്കളും താങ്കളുടെ പാര്‍ട്ടിയുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കുന്നതാണ്.

കേരളം പുരോഗതിയും ഉയര്‍ന്ന സാമൂഹ്യ നിലവാരവും നേടിയത് സമാജോദ്ധാരകരായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായാണ്. അവര്‍ ഉഴുതു മറിച്ച മണ്ണില്‍ നിന്ന് കൊയ്‌തെടുക്കാന്‍ താങ്കളുടെ പാര്‍ട്ടിക്ക് അവസരം കിട്ടിയെന്നത് സത്യമാണ്.

അവിടെ നിന്ന് ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ ആയിട്ടില്ല. കേരളത്തിന് സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമാക്കിയതല്ലാതെ കൂടുതലായി ഒന്നും നേടിത്തരാന്‍ ഇവിടം ഭരിച്ച ആര്‍ക്കും സാധിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പി നടത്തിയ ജനരക്ഷായാത്ര മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും സമനില തെറ്റിച്ചതായും കുമ്മനം രാജശേഖരന്‍ പറഞ്ഞു.