‘സോറി ആളുമാറി പോയി’: പ്രധാനമന്ത്രിയുടെ അമ്മയെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തത് വേറൊരു വയോധികയെ: കിരണ്‍ബേദി വെട്ടിലായി

single-img
21 October 2017

പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെന്‍ മോദി ദീപാവലി ആഘോഷിക്കുന്ന വീഡിയോ ആണെന്നു പറഞ്ഞ് മറ്റൊരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി പുലിവാല്‍ പിടിച്ചു.

’97–ാം വയസ്സിലും ദീപാവലിയുടെ ചൈതന്യം. പ്രധാനമന്ത്രിയുടെ അമ്മ ഹിരാബെന്‍ മോദി (ജനനം 1920) സ്വവസതിയില്‍ ദീപാവലി ആഘോഷിക്കുന്നു’ എന്ന തലവാചകത്തോടെയാണു നൃത്തം ചെയ്യുന്ന വയോധികയുടെ വീഡിയോ ആദ്യം കിരണ്‍ബേദി പങ്കിട്ടത്.

എന്നാല്‍ ആളുമാറിപ്പോയകാര്യം പിന്നീടാണ് കിരണ്‍ബേദി അറിഞ്ഞത്. ഉടന്‍തന്നെ തിരുത്തുമായി കിരണ്‍ബേദി രംഗത്ത് എത്തി.
‘ആളുമാറിപ്പോയി. പക്ഷേ, ഇത്രയേറെ ഓജസ്സുള്ള ആ അമ്മയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 96 വയസ്സുവരെ ജീവിക്കുമെങ്കില്‍, എനിക്കും അവരെപ്പോലെയാകാനാണ് ആഗ്രഹം’–എന്ന് കിരണ്‍ബേദി എഴുതി.