ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് ആര്‍.ബി.ഐ

single-img
21 October 2017

ന്യൂഡല്‍ഹി: ആധാര്‍-ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കല്‍ വിഷയത്തില്‍ വ്യക്തത വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ). ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

2017ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് 2017 ജൂണ്‍ ഒന്നിലെ ഗസറ്റ് വിജ്ഞാപനം വ്യക്തമാക്കുന്നതായും ആര്‍.ബി.ഐ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ, വിവരാവകാശ നിയമം പ്രകാരം നല്‍കിയ മറുപടിയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലുണ്ടായ അനിശ്ചിതത്വം നീക്കാനാണ് ആര്‍.ബി.ഐ പ്രസ്താവന ഇറക്കിയത്.

അമ്പതിനായിരം രൂപക്ക് മുകളിലുള്ള എല്ലാവിധ പണമിടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. ഡിസംബര്‍ 31 ആണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടുകള്‍ മരവിപ്പിക്കപ്പെടും