കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും 94ആം പിറന്നാള്‍ ആഘോഷിച്ച് വിഎസ്

single-img
20 October 2017

94ാം ജന്മദിനത്തില്‍ പതിവ് പോലെ തന്നെ കവടിയാര്‍ ഹൗസില്‍ ലളിതമായ രീതിയിലായിരുന്നു വി എസിന്റെ ആഘോഷം. കുടുംബാംഗങ്ങള്‍ക്കും ഓഫീസ് സ്റ്റാഫിനുമൊപ്പം കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും പിറന്നാള്‍ ആഘോഷിച്ചു. ആഘോഷത്തിനിടയില്‍ തന്റെ സഖാവിന് സ്‌നേഹാദരമായി രചിച്ച കവിത വി എസ് പ്രകാശനം ചെയ്തു.

ഇതിനിടെ ഇടത് നേതാക്കളില്‍ ചിലരെത്തി വിഎസ്സിന് ജന്മദിന ആശംസകളും നേര്‍ന്നു. സമ്മാനങ്ങളും നല്‍കി. ഉച്ചയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം വിഎസ് പിറന്നാള്‍ സദ്യ കഴിച്ചു. വൈകിട്ട് ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് വിഎസ് അച്യുതാനന്ദന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടി.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലെന്നപോലെ ജീവിതചര്യയിലും ചിട്ട നിര്‍ബന്ധമാക്കിയ നേതാവാണ് വി.എസ്. ആ ചിട്ടയാണ് 94ാം വയസ്സിലും സഖാവിനെ സജീവരാഷ്ട്രീയരംഗത്ത് നിലനിര്‍ത്തുന്നത്.

കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ഇടതുപക്ഷ രാഷ്ടീയ നേതാവുമായ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്.

അച്ഛന്‍ മരിച്ചതോടെ ഏഴാം ക്ലാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച അദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയില്‍ ജോലി നോക്കി. തുടര്‍ന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു. 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി.

ആലപ്പുഴ ആസ്പിന്‍വാള്‍ ഫാക്ടറിയിലെ തൊഴിലാളി യൂണിയന്‍ നേതാവെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അച്യുതാനന്ദനെ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഒന്നര നൂറ്റാണ്ടു മുമ്പേ ഫ്രെഡറിക് ഏംഗല്‍സ് എഴുതിയിരുന്നെങ്കിലും കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ പരിസ്ഥിതിയുടെ രാഷ്ട്രീയം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മനേക ഗാന്ധിയും സിംഹവാലന്‍ കുരങ്ങും സുഗതകുമാരി ടീച്ചറുടെ കവിതകളും മേധാപട്കറും നര്‍മ്മദ ആന്തോളന്‍ ബച്ചാവോയും ഒക്കെയായി പരിമിതപ്പെട്ട് നിന്നിരുന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതകളെ ഒരു രാഷ്ട്രീയ മുദ്രാവാക്യമാക്കി കേരളത്തില്‍ ഉയര്‍ത്തി പിടിച്ചത് വി.എസായിരുന്നു.

രണ്ട് പതിറ്റാണ്ടിനപ്പുറം കുട്ടനാട്ടിലെ നെല്‍വയലുകള്‍ നികത്തി ടൂറിസ്റ്റ് ബംഗ്ലാവുകള്‍ പണിത് തുടങ്ങിയപ്പോഴാണ് വി.എസ് വയല്‍ നികത്തലിന് എതിരായി നിലപാട് എടുത്ത് രംഗത്തുവന്നത്. അന്നത് വെട്ടിനിരത്തല്‍ സമരം എന്ന പേരില്‍ ശ്രദ്ധ നേടി. എന്നാല്‍ ഇന്ന് കേരളത്തില്‍ നടന്ന് വരുന്ന എല്ലാ പരിസ്ഥിതി സമരങ്ങളുടേയും തുടക്കം ആലപ്പുഴയില്‍ കുട്ടനാട്ടിലെ വെട്ടിനിരത്തല്‍ സമരത്തില്‍ നിന്നായിരുന്നു. വി.എസിന്റെ തനതായ ശൈലിയെ രാഷ്ട്രീയ തന്ത്രമായും കാപട്യമായും പലരും വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോഴും വി.എസിന് പകരം വെയ്ക്കാന്‍ മറ്റൊരു നേതാവും ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇല്ലെന്നതാണ് സത്യം. അതിനു തെളിവാണ് പുതു തലമുറകളുടെ വരെ വിപ്ലവാവേശമായി വിഎസ് നിലനില്‍ക്കുന്നത്.

ഏതു പ്രതിസന്ധിയിലും കാലിടറാതെ വി.എസിനെ ഇന്നും മുന്നോട്ട് നയിക്കുന്നത് ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ തന്നെയായിരിക്കാം. ദിവാന്‍ സര്‍ സി.പിയുടെ പോലീസ് ഭീകരതയും സ്ത്രീകള്‍ക്ക് എതിരായുള്ള അതിക്രമങ്ങളും എല്ലാ അതിരുകളും ലംഘിച്ചപ്പോഴാണ് പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും പാര്‍ട്ടി നിര്‍ബന്ധിതമായത്. 1946 ഒക്ടോബര്‍ മാസത്തില്‍ പുന്നപ്രയിലെ പോലീസിന്റെ ക്യാമ്പ് ആക്രമിക്കുവാന്‍ പാര്‍ട്ടി തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ആ സമരത്തിന് ചുക്കാന്‍ പിടിച്ചത് വി.എസ് ആയിരുന്നു.

സംഭവത്തില്‍ 50 തൊഴിലാളികളെയാണ് പോലീസ് നിഷ്‌ക്കരുണം വെടിവെച്ച് കൊന്നത്. അത്രയും പീഡനങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും പോലീസ് ഭീകരതയ്ക്ക് നേതൃത്വം കൊടുത്ത ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നായരുടെ തല കൊയ്‌തെടുത്ത സമരപോരാളികളുടെ വിപ്ലവ വീര്യം ആ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. പോലീസിന്റെ വാറണ്ട് നിലവിലുണ്ടായിരുന്ന വി.എസ് അച്യുതാന്ദനാണ് ആയിരത്തോളം തൊഴിലാളികളെ സമരസജ്ജരാക്കുമാറുച്ചത്തില്‍ പുന്നപ്രയുടെ മണ്ണില്‍ അന്ന് പ്രസംഗിച്ചത്. ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കും ശേഷം പോലീസില്‍ നിന്നും പിടിച്ചുവാങ്ങിയ തോക്കുകളുമായി സമരക്കാര്‍, പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം പോലീസിന് പിടികൊടുക്കാതെ ഒളിവിലിരുന്ന വി.എസിനെ കാണാന്‍ എത്തിയതും തുടര്‍ന്ന് വി.എസിന്റെ നിര്‍ദ്ദേശ പ്രകാരം തോക്കുകള്‍ പൂകൈത ആറില്‍ ഒഴുക്കിയതും ചരിത്രം.

പുന്നപ്രവയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ അച്യുതാനന്ദന് കൊടിയ മര്‍ദനവും നീണ്ട ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. ഇന്ത്യ സ്വതന്ത്രമായ 1947 ആഗസ്റ്റ് 15ന് അച്യുതാനന്ദന്‍ ജയിലിലായിരുന്നു. ജയില്‍ മോചിതനായെങ്കിലും പിന്നീട് വളരെക്കാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമ്പലപ്പുഴചേര്‍ത്തല ഡിവിഷന്‍ കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിച്ച അച്യുതാനന്ദന്‍ 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. ഇന്ത്യചൈന യുദ്ധകാലത്തും അടിയന്തിരാവസ്ഥക്കാലത്തും തുടര്‍ന്നും നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

തുടര്‍ന്ന് 1964ല്‍ പാര്‍ട്ടി പിളര്‍ന്ന് സ.പി.ഐ.(എം) രൂപീകരിച്ച കാലം മുതല്‍ അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ സമുന്നത സ്ഥാനം വഹിച്ചു തുടങ്ങി. 1970 കളില്‍ എ.കെ.ജി.യുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ അച്യുതാനന്ദന്‍ സജീവമായി പങ്കെടുത്തിരുന്നു. 198092 കാലഘട്ടത്തില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001ലും 2006ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുക എളുപ്പമായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പോലും കേരള നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാരുടെ അംഗബലം കൂട്ടാന്‍ 93ാം വയസ്സിലും തിരഞ്ഞെടുപ്പ് മത്സര രംഗത്ത് വിശ്രമമില്ലാതെ വിഎസ് ഉണ്ടായിരുന്നു. ദിവസേന വ്യത്യസ്ത മണ്ഡലങ്ങളില്‍ മൂന്നോളം സ്റ്റേജുകളില്‍ മണിക്കൂറുകള്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പ്രസംഗിക്കുമ്പോഴും വി.എസിന് തന്റെ പ്രായം ഒരു തടസ്സമായിരുന്നില്ല. പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും പിന്നീട് താഴ്ത്തപ്പെടുമ്പോഴും സമരങ്ങളുടെ വീറും വാശിയും കൈവെടിയാതെ നിലകൊള്ളാന്‍ സഖാവിന് കഴിയുന്നത് തന്റെ തീഷ്ണമായ ജീവിതാനുഭവങ്ങളും സമരങ്ങളുമൊക്കെയായിരിക്കണം.

അതുകൊണ്ടാവാം രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രി മുതലാളിമാര്‍ക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ നഴ്‌സുമ്മാര്‍ രാത്രിയിലും മഴയത്തും ആത്മഹത്യാ ഭീഷണി സമരം നടത്തിയപ്പോഴഉം പിന്തുണ നല്‍കി പുതുതലമുറയുടെ ആവേശമായി വിഎസ് എത്തിയത്. മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളികളുടെ ‘പെമ്പിളൈ ഒരുമൈ’ സമരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ട്രേഡ് യൂണിയനുകള്‍ക്കും ജനപ്രതിനിധികള്‍ക്കുപോലും പ്രവേശനം നിഷേധിക്കപ്പെട്ടപ്പോഴും പ്രക്ഷുബ്ദമായ ജനത്തിനിടയിലേക്ക് സുരക്ഷിതനായി നടന്ന് ചെല്ലുവാന്‍ കഴിഞ്ഞ ഒരേ ഒരു നേതാവായി വി.എസ് അച്യുതാനന്ദന്‍ മാറിയതും.

എന്നാല്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടു. സത്യങ്ങള്‍ തുറന്നടിച്ച് പിണറായി സര്‍ക്കാരിനേയും അദ്ദേഹം പലപ്പോഴും വെട്ടിലാക്കി. പാര്‍ട്ടി നയങ്ങള്‍ ചേര്‍ത്തുപിടിക്കുമ്പോഴും സാധാരണക്കാരന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ജനകീയ നേതാവാക്കിയത്.