പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമല്ല അത്; എല്ലാവരും അനുകൂലിച്ചതാണെന്ന് കലാഭവന്‍ ഷാജോണ്‍

single-img
20 October 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ കലാഭവന്‍ ഷാജോണ്‍.

മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’ അഭിമുഖ പരിപാടിയിലായിരുന്നു ഷാജോണിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി കൂട്ടായ തീരുമാനപ്രകാരമായിരുന്നു.

‘പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്. മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു. ഇപ്പോള്‍ തീരുമാനം തെറ്റിയെന്നു സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയതു പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും’ ഷാജോണ്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ വാദം തെറ്റാണ്.

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടിവ് നല്ല കാര്യമാണ്. എന്നാല്‍ സംഘടന സിനിമയിലെ എല്ലാവര്‍ക്കും വേണ്ടിയാവണം. പ്രവര്‍ത്തനം ചിലരിലേക്കു ചുരുങ്ങിപ്പോവരുതെന്ന് ഷാജോണ്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുഴുവന്‍ പേര്‍ക്കും സംഘടനയില്‍ ഇടം നല്‍കണമെന്നും ഷാജോണ്‍ അഭിപ്രായപ്പെട്ടു.