കേദാര്‍നാഥ് ക്ഷേത്ര പുനരുദ്ധാരണത്തിന് തന്റെ സഹായ വാഗ്ദാനം കോണ്‍ഗ്രസിനെ ഭയപ്പെടുത്തിയെന്ന് മോദി

single-img
20 October 2017

ഷിംല: കേദാര്‍നാഥില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2013ല്‍ സംഭവിച്ച വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കേദാര്‍നാഥിന്റെ പുനരുദ്ധാരണത്തിനായി താന്‍ മുന്നോട്ട് വെച്ച സഹായം നിരസിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനുമേല്‍ അന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് മോദി ആരോപിച്ചു.

കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ല്‍ താന്‍ പ്രധാനമന്ത്രി അല്ലായിരുന്നു, ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍ പ്രളയംബാധിച്ച കേദര്‍നാഥില്‍ അന്ന് സന്ദര്‍ശനം നടത്തുകയും, സര്‍ക്കാരിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

താന്‍ മുന്നോട്ട് വെച്ച സഹായം സ്വീകരിക്കാന്‍ അന്നത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങളുടെ മുന്നില്‍ താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം ഭയക്കുകയും, സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലത്തുകയും ചെയ്‌തെന്ന് മോദി പറഞ്ഞു.

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാരാണ് കേദാര്‍നാഥിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതെന്നു മനസ്സിലാക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. 2013 ലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന കേദാര്‍നാഥിന്റെ പുനരുദ്ധാരണത്തിനുള്ള സഹായം മോദി അന്ന് പ്രഖ്യാപിച്ചിരുന്നു. ഉത്തരാഖണ്ഡിന് രണ്ടുകോടി സഹായധനം നല്‍കിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ മോദിയുടെ വാഗ്ദാനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.