ദീപാവലി ദിവസം ജയിലില്‍ പൊട്ടിക്കരഞ്ഞ് ഹണീപ്രീത്

single-img
20 October 2017

ചണ്ഡിഗഢ്: ദീപാവലിക്ക് മധുരവുമായെത്തിയ കുടുംബാംഗങ്ങളെ കണ്ട് ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രി
ഹണിപ്രീത് ഇന്‍സാന്‍ പൊട്ടിക്കരഞ്ഞു. വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹിം സിങ്ങിനെ കോടതി ശിക്ഷിച്ച ദിവസം കലാപത്തിന് ഗൂഡാലോചന നടത്തിയ കേസിലാണ് ഹണീപ്രീത് ജയിലിലായത്.

അച്ഛന്‍ രാമാനന്ദ് തനേജ, അമ്മ ആശ, സഹോദരങ്ങള്‍ എന്നിവരാണ് ഹണിപ്രീതിനെ സന്ദര്‍ശിക്കാനെത്തിയത്. ഒരു അഭിഭാഷകനും കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഹണിപ്രീതിനെ കാണാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ് ഹണിപ്രീത് ഇപ്പോഴുള്ളത്. കട്ടിയേറിയ ഗ്ലാസ് മറയ്ക്ക് ഇരുവശത്തും നിന്നായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്ന് ഇന്റര്‍കോമിലൂടെ കുടുംബാംഗങ്ങളുമായി ഹണിപ്രീത് സംസാരിച്ചു. കുടുംബാംഗങ്ങള്‍ കൊണ്ടുവന്ന മധുരപലഹാരങ്ങള്‍ സ്വീകരിക്കാന്‍ ആദ്യം ഹണിപ്രീത് വിസമ്മതിച്ചെങ്കിലും പിന്നീട് സ്വീകരിക്കുകയായിരുന്നു.

ഹണിപ്രീതിന്റെ രാജസ്ഥാനിലെ സ്വത്തിന്റെ രേഖകള്‍ കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു. മുംബൈ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലാണ് ഇവരുടെ സ്വത്തുക്കളുള്ളത്.