ഏറ്റവും കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് നല്‍കുന്ന സ്ഥാപനമായി ബി.എസ്.എന്‍.എല്‍: 5 രൂപയ്ക്ക് ഒരു ജി.ബി. ഇന്റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യ കോളും

single-img
20 October 2017

തിരുവനന്തപുരം: അഞ്ച് രൂപയ്ക്ക് ഒരു ജി.ബി. ഇന്റര്‍നെറ്റും പരിധിയില്ലാത്ത സൗജന്യ കോളും വാഗ്ദാനം ചെയ്യുന്ന പുതിയ കേരള പ്‌ളാന്‍ ബി. എസ്.എന്‍. എല്‍. പുറത്തിറക്കി. ഇതോടെ ഏറ്റവും കുറഞ്ഞനിരക്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നല്‍കുന്ന ഫോണ്‍സര്‍വ്വീസ് സ്ഥാപനമായി ബി.എസ്.എന്‍.എല്‍.മാറി.

ഇന്നലെ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി.മാത്യുവാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പൂയംതിരുനാള്‍ ഗൗരി പാര്‍വ്വതിബായി തമ്പുരാട്ടിക്ക് നല്‍കികൊണ്ട് കേരള പ്‌ളാന്‍ പുറത്തിറക്കിയത്. 446 രൂപയാണ് നിരക്ക്. 84 ദിവസം 84 ജി.ബി.ഇന്റര്‍നെറ്റും ഏത് നെറ്റ്വര്‍ക്കിലേക്കും ഇഷ്ടംപോലെ സൗജന്യകോളുകളും നല്‍കുന്നതാണ് പ്‌ളാന്‍.

ഇന്നുമുതല്‍ എല്ലാ ബി.എസ്.എന്‍.എല്‍ റീട്ടേയ്‌ലര്‍മാരില്‍ നിന്നും ഇത് ലഭ്യമാണ്. നിലവിലുള്ളവരിക്കാര്‍ക്ക് പ്‌ളാന്‍ കേരള എന്ന് 123 നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താല്‍ 337.97 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 336 രൂപയ്ക്ക് 30 ദിവസം 30 ജി. ബി. ഇന്റര്‍നെറ്റ് നല്‍കുന്ന ജിയോ ആണ് തൊട്ടുപിന്നില്‍.

യു.എ.ഇയിലേക്ക് മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നാഷണല്‍ റോമിംഗ് സൗകര്യം നല്‍കുന്ന പദ്ധതിയും ഇന്നലെ തുടക്കമായി. ഇത് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ചീഫ് ജനറല്‍ മനേജര്‍ പറഞ്ഞു.