ജിയോ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി: 399 ന് പകരം ഇനി 459

single-img
19 October 2017

മുംബൈ: പുതിയ ധന്‍ ധനാ ധന്‍ താരിഫ് പ്ലാനുമായി റിലയന്‍സ് ജിയോ. ജിയോ പ്രൈം വരിക്കാര്‍ക്ക് നല്‍കിയിരുന്ന 399 രൂപയുടെ ധന്‍ ധനാ ധന്‍ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഉയര്‍ത്തി. മറ്റു നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

459 രൂപയുടെ പുതിയ പ്ലാനാണ് ജിയോ ഉപഭോക്താക്കള്‍ക്കായി കമ്പനി പുറത്തിറക്കുന്നത്. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മൂന്ന് മാസത്തേയ്ക്കുള്ള അണ്‍ലിമിറ്റഡ് സേവനങ്ങളാണ് ഓഫറിലുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുമാണ് ജിയോ ആപ്പുകളുടെ സേവനവുമാണ് ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ലഭിക്കുക.

ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ജിയോ നിരക്കുകളുടെ വര്‍ധനയും വരുമെന്ന് കമ്പനി അറിയിച്ചിരുന്നു. പ്രീപെയ്ഡ്‌പോസ്റ്റ് പെയ്ഡ് ഓഫര്‍ നിരക്കുകളിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളില്‍ ഫ്രീ കോളിനും നിയന്ത്രണം വരുമോ എന്നും വരിക്കാര്‍ക്ക് ആശങ്കയുണ്ട്.

എന്നാല്‍, 399 രൂപയുടെ പ്ലാന്‍ ഇപ്പോഴും ഉണ്ട്. പ്ലാനിന്റെ കാലാവധി 70 ദിവസമായി വെട്ടിക്കുറച്ചു. ഒക്ടോബര്‍ 19ന് അര്‍ധരാത്രിയാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ഇതിനു പുറമെ, 509 രൂപ പ്ലാനിന്റെ കാലാവധിയും വെട്ടിക്കുറച്ചു.

ഈ പ്ലാനില്‍ ദിവസേന രണ്ട് ജിബി നിരക്കില്‍ 49 ദിവസം ഡേറ്റ ഉപയോഗിക്കാം. നേരത്തെ ഈ പ്ലാനിന്റെ കാലാവധി 56 ദിവസമായിരുന്നു. 999 രൂപ പ്ലാനിന്റെ 90 ദിവസം എന്ന കാലാവധി വെട്ടിക്കുറക്കാതെ 90 ജിബി എന്നത് 60 ജിബി ഡേറ്റയാക്കി കുറച്ചു.

1999 രൂപ പ്ലാനില്‍ 155 ജിബി യില്‍ നിന്ന് 125 ജിബിയായി കുറച്ചു. ഒരു ദിവസത്തേക്കുള്ള 19 രൂപ പാക്കില്‍ 200 എംബി 150 എംബിയായി വെട്ടിക്കുറച്ചു. ജിയോയുടെ 149 രൂപയുടെ പ്ലാനില്‍ നിലവിലുള്ള 2ജിബി ഡാറ്റയ്ക്ക് പുറമേ ഓരോ ബില്ലിംഗ് സൈക്കിളിലും 4ജിബി വീതവും ലഭിക്കും. ഇതിന് പുറമേ സൗജന്യ അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, ജിയോ ആപ്പുകളുടെ സേവനം എന്നിവയും ലഭിക്കും.