ടെക്കികള്‍ക്ക് വീണ്ടും കഷ്ടകാലം; കേരളത്തിലെ മിക്ക കമ്പനികളിലും കൂട്ട പിരിച്ചുവിടല്‍

single-img
16 October 2017

കൊച്ചി: സംസ്ഥാനത്തെ ഐടി ജീവനക്കാരുടെ കഷ്ടകാലം തുടരുന്നു. കേരളത്തിലെ ഐടി കമ്പനികളില്‍ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആയിരത്തോളം പേര്‍ ഐടി കമ്പനികളില്‍ നിന്ന് പിരിച്ചുവിടലിനോ നിര്‍ബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൂടുതല്‍ ശമ്പളം വാങ്ങുന്ന മുതിര്‍ന്ന ജീവനക്കാരെയാണ് കമ്പനികള്‍ കൂട്ടത്തോടെ പിരിച്ചുവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക കമ്പനികളും തങ്ങള്‍ ഒഴിവാക്കുന്ന ജീവനക്കാരുടെ കണക്കുകള്‍ പുറത്തുവിടാറുണ്ടെങ്കിലും, കണക്കുകളില്‍ ഉള്‍പ്പെടാത്ത പലരെയും പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 2002, 2009, 2016 എന്നിവയ്ക്ക് ശേഷം ഈ വര്‍ഷമാണ് ഐടി മേഖലയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നുള്ള പ്രൊജക്ടുകള്‍ കുറയുന്നതിനാലാണ് മിക്ക കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നത്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ ഐടി സ്ഥാപനത്തില്‍ നിന്ന് ഇക്കാരണം പറഞ്ഞാണ് അടുത്തിടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ഇന്‍ഫോ പാര്‍ക്കിലെ മറ്റൊരു വന്‍കിട ഐടി കമ്പനിയില്‍ നിന്നും നിര്‍ബന്ധിത രാജി വാങ്ങിയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആഗോളതലത്തില്‍ പതിനായിരം പേരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ നൂറോളും പേര്‍ക്ക് ജോലി നഷ്ടപ്പെട്ടത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ മാത്രം 350-ലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 20-ല്‍ താഴെ കമ്പനികളില്‍ മാത്രമേ 1000-ലധികം ജീവനക്കാരുള്ളൂ. അതേസമയം ഈ രംഗത്തെ ജോലിക്കാര്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നതാണ് ജീവനക്കരുടെ പരാതി. ജോലി നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലുള്ള ഐ.ടി. മേഖലയില്‍, ജിവനക്കാരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ഇനിയും നടപ്പാക്കിയില്ല.

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമപദ്ധതിയിലേക്ക് ജീവനക്കാര്‍ ശമ്പളത്തില്‍ നിന്ന് തുച്ഛമായൊരു തുക അടയ്ക്കുന്നുണ്ട്. ഇത് എന്തിനുവേണ്ടിയാണെന്ന് ആര്‍ക്കും അറിയില്ല. ക്ഷേമനിധി ബോര്‍ഡില്‍ കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ അനുബന്ധസ്ഥാപനങ്ങള്‍ എന്ന വിഭാഗത്തിലാണ് ഐ.ടി. ജീവനക്കാരുള്ളത്. സാധാരണ ഡി.ടി.പി. സെന്ററുകളടക്കം ഇതില്‍പ്പെടും. അതിനാല്‍, ഏറ്റവുമധികം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ഐ.ടി. ജീവനക്കാരാണെന്നാണ് ക്ഷേമനിധി ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

എത്ര ഐ.ടി. ജീവനക്കാര്‍ ക്ഷേമനിധിയില്‍ അംഗമാണെന്നതിനു വ്യക്തമായ കണക്കില്ല. 1960-ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലാളികളെയാണ് 2006-ല്‍ ഈ ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ഐ.ടി. കമ്പനികളിലെ ജീവനക്കാരും ഈ ബോര്‍ഡിന്റെ ഭാഗമായി. ജീവനക്കാരുടെ വിഹിതമായി 20 രൂപയും തൊഴിലുടമയുടെ 20 രൂപയും ചേര്‍ത്ത് 40 രൂപയാണ് ഒരു തൊഴിലാളിക്ക് അംശദായം അടയ്ക്കുന്നത്.

സംസ്ഥാനത്തെ ആടി രംഗത്ത് കാര്യമായ തൊഴിലാളി യൂണിയനുകള്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പുതിയ ഐ.ടി. നയം പ്രഖ്യാപിച്ചപ്പോള്‍ അതില്‍പ്പോലും ജീവനക്കാരുടെ ജോലിസ്ഥിരതയ്ക്കും ക്ഷേമത്തിനുമുള്ള കാര്യങ്ങളൊന്നും പറയുന്നില്ല. ഐ.ടി. മേഖലയ്ക്കനുയോജ്യമായ രീതിയിലുള്ള സാമൂഹികസുരക്ഷാ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി നല്‍കിയിട്ടുണ്ട്.

ജീവനക്കാര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപവത്കരിക്കുക, ഈ മേഖലയില്‍ ജോലിചെയ്യുന്ന എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും നാഷണല്‍ പെന്‍ഷന്‍ സ്‌കീം പോലുള്ള പദ്ധതികള്‍ നിര്‍ബന്ധമാക്കുക, തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് കമ്പനികള്‍ മാറിക്കൊണ്ടിരിക്കുന്നവരാണ് ഐ.ടി. ജീവനക്കാരെന്നതിനാല്‍ ഗ്രാറ്റ്വിറ്റി നിയമങ്ങള്‍ പരിഷ്‌കരിക്കുക, തൊഴില്‍ പ്രശ്‌നങ്ങള്‍ വരുമ്പോൾ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ രൂപവത്കരിച്ച പ്രത്യേക സമിതി ജീവനക്കാരെക്കൂടി ഉള്‍പ്പെടുത്തി പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.