വേങ്ങരയില്‍ ലീഗിന് ഇതുവരെ ചോര്‍ന്നത് 11000ലേറെ വോട്ടുകള്‍

single-img
15 October 2017

വേങ്ങരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുസ്‌ലിം ലീഗിന്റെ വോട്ടില്‍ പ്രകടമായ ഇടിവ്. ആദ്യം വോട്ടെണ്ണി കഴിഞ്ഞ എആര്‍ നഗറിലും കണ്ണമംഗലത്തും കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ ലീഗ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞില്ല. ലീഗിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമല്ല പുറത്തുവരുന്ന സൂചന.

കഴിഞ്ഞ നിയമസഭ, പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ലീഗിന് ഉണ്ടായിട്ടുള്ളത്. ലീഗിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലാണ് ഈ തിരിച്ചടി നേരിട്ടത്.

100 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം 13000 കടന്നതേയുള്ളു. എന്നാല്‍ 2016 നിയമസഭ തെരഞ്ഞെടുപ്പിലും, ഈ വര്‍ഷമാദ്യം നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, ആദ്യ ഏഴു റൗണ്ടുകളില്‍നിന്നായി ഇരുപത്തിനാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.

ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും 38000ലേറെ വോട്ടുകള്‍ക്കായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. എന്നാല്‍ കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന സൂചനയാണ് ആദ്യറൗണ്ടുകളില്‍നിന്ന് ലഭിക്കുന്നത്.