ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മന്ത്രി അനില്‍ ശര്‍മ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

single-img
15 October 2017

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. മുന്‍ കേന്ദ്രമന്ത്രി സുഖ്‌റാമിന്റെ മകനും നിലവില്‍ സംസ്ഥാനം ഭരിക്കുന്ന വീരഭദ്ര സിംഗ് സര്‍ക്കാരിലെ കാബിനറ്റ് പദവിയുള്ള മന്ത്രിയുമായിരുന്ന അനില്‍ ശര്‍മ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നും മന്ത്രിസ്ഥാനം ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളും രാജിവച്ചതായും അനില്‍ ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. രാഹുല്‍ ഗാന്ധി തന്റെ മണ്ഡലത്തില്‍ നടത്തിയ റാലിയില്‍ ഞങ്ങളെ അവഗണിച്ചു.

തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോഴും അവഗണനയായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നവംബര്‍ 9നാണ് ഹിമാചലില്‍ നിയമസഭാ വോട്ടെടുപ്പ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി വീരഭദ്ര സിങിനും ഭരണകക്ഷിയായ കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്.