ഉരുക്കുകോട്ടയില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടി: ഗുരുദാസ്പുര്‍ ലോക്‌സഭ സീറ്റില്‍ കോണ്‍ഗ്രസിന്റെ വിജയം രണ്ടുലക്ഷത്തോളം വോട്ടുകള്‍ക്ക്

single-img
15 October 2017

ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാക്കര്‍ 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറി.

ബിജെപി സ്ഥാനാര്‍ഥി സ്വരണ്‍ സിങ് സലാരിയ, എഎപി സ്ഥാനാര്‍ഥി മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയ എന്നിവരെ വന്‍ വ്യത്യാസത്തില്‍ പിന്തള്ളിയാണ് പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ജാക്കറിന്റെ വിജയം.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്ക്, ഇപ്പോഴും ഇവിടെ നിലയുറപ്പിക്കാനായിട്ടില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഉപതിരഞ്ഞെടുപ്പു ഫലം.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്ന രാഹുല്‍ ഗാന്ധിക്കുള്ള മികച്ച ദീപാവലി സമ്മാനമാണിതെന്ന് ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിദ്ധു പറഞ്ഞു. ജനങ്ങള്‍ക്ക് മോദിയുടെ കേന്ദ്രനയങ്ങളോടുള്ള അമര്‍ഷമാണ് ഗുരുദാസ്പുരിലെ വിജയമെന്ന് സുനില്‍ ജാഖര്‍ അഭിപ്രായപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അടുത്ത അനുയായിയായ ജാക്കര്‍, പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ്. ബിജെപി–അകാലിദള്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന ഇദ്ദേഹം, ലോക്‌സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ഝാക്കറിന്റെ മകനാണ് സുനില്‍.

പ്രമുഖ ചലച്ചിത്രതാരം കൂടിയായ വിനോദ് ഖന്ന 2014ല്‍ ഇവിടെ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചതാണ്. മോദി തരംഗം സര്‍വത്ര ശക്തി പ്രാപിച്ചുനിന്ന 2014ല്‍ 1,82,160 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ഖന്ന ജയിച്ചുകയറിയത്.

അര്‍ബുദം ബാധിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം മരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഒഴിവു വന്നത്. വിനോദ് ഖന്ന ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നാലു തവണ വിജയിച്ചിരുന്നു; ഒരു തവണ പരാജയപ്പെടുകയും ചെയ്തു.

ബിജെപിയുടെ ഉരുക്കുകോട്ടയാണ് ഗുരുദാസ്പുര്‍ എന്ന് കരുതിയിരുന്നെങ്കിലും 2009ലാണ് കോണ്‍ഗ്രസ് ഇവിടെ അട്ടിമറി വിജയം നേടിയത്. ഈ മാസം 11നു നടന്ന വോട്ടെടുപ്പില്‍ 56% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ 70.03% രേഖപ്പെടുത്തിയ സ്ഥാനത്താണിത്.