തലസ്ഥാനത്തു മൂന്ന് ലക്ഷം കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്‌പ്പെടുത്തു

single-img
14 October 2017

തിരുവനന്തപുരം: തലസ്ഥാനത്തു മീസില്‍സ് റൂബെല്ല ദൗത്യം ആരംഭിച്ച് ഒമ്പതു ദിവസം പിന്നിട്ടപ്പോഴേക്കും മൂന്നു ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു കഴിഞ്ഞതായി ജില്ലാ പോഗ്രാം മാനേജർ ഡോ. ജെ. സ്വപ്‌നകുമാരി അറിയിച്ചു. ജില്ലയില്‍  ഇതുവരെ 280573 കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തത്. ഇതില്‍ 45909 കുട്ടികള്‍ അഞ്ചു വയസ്സില്‍ താഴെയുള്ളവരാണ്.  104992 കുട്ടികള്‍ അഞ്ചിനും 10നുമിടയിലും 129672 കുട്ടികള്‍ 10നും 15നും ഇടയില്‍ പ്രായമുള്ളവരുമാണ്.

പ്രിതിരോധ കുത്തിവയ്‌പ്പെടുത്തവരില്‍ 138366 പേര്‍ ആണ്‍കുട്ടികളും 142207 പേര്‍ പെണ്‍കുട്ടകളുമാണ്. ജില്ലയില്‍ 9മാസം മുതല്‍ 15 വയസ്സ് വരെയുള്ള 634771 കുട്ടികള്‍ക്കാണ് മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ നില്‍കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. സ്‌കൂളുകളിലും സ്ഥിരം രോഗപ്രതിരോധ കുത്തിവയ്പ്പു കേന്ദ്രങ്ങളിലും മാത്രമായി നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടകള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ കഴിഞ്ഞത്.

അടുത്തയാഴ്ച മുതല്‍ അംഗണവാടികളിലേയ്ക്കും പ്ലേസ്‌കൂളുകളിലേയ്ക്കും നഴ്‌സറികളിലേ പ്രതിരോധ ദൗത്യം വ്യാപിപ്പിക്കും. ആദ്യഘട്ടത്തില്‍ പ്രതിരോധ കുത്തിവയ്പ്പിനോട് വിമുഖത കാണിച്ച ചുരുക്കം ചില മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് മീസില്‍സ് റൂബെല്ല പ്രതിരോധം ഉറപ്പുവരുത്തുന്നനതിനായി മുന്നോട്ട് വന്നു തുടങ്ങിയിട്ടുണ്ട്. കുത്തിവയ്പ് എടുത്ത സ്‌കൂളുകളില്‍ വിട്ടുപോയ കുട്ടികള്‍ക്ക് മാത്രമായി മറ്റൊരു ദിവസം നല്‍കി കഴിഞ്ഞു.

കുത്തിവയ്പിനെക്കുറിച്ച് ആദ്യം പ്രചരിച്ച തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ തള്ളിക്കളയുന്ന സമീപനമാണ് എല്ലായിടത്തും രക്ഷിതാക്കള്‍ സ്വീകരിച്ചത്. ചിലയിടങ്ങളില്‍ പി.ടി.എ ഭാരവാഹികള്‍ തന്നെ പ്രതിരോധ കുത്തിവയ്പിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുന്നുണ്ടെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരോടൊപ്പം സ്‌കൂള്‍തല നോഡല്‍ ടീച്ചര്‍മാര്‍ കാമ്പയിനിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നല്‍കുന്നുണ്ട്. കാമ്പയിന്റെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സിബിഎസ്‌സി, ഐസിഎസ്‌സി മാനേജ്‌മെന്റുകള്‍ എന്നിവര്‍ കാര്യക്ഷമമായ പിന്തുണ നല്‍കി വരുന്നു.

പദ്ധതിവിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും പ്രതിനിധികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.