റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ മടക്കി അയയ്ക്കരുതെന്ന് സുപ്രീം കോടതി

single-img
13 October 2017

ന്യൂഡല്‍ഹി: ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ മടക്കി അയയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷിതത്വം പ്രധാനമാണെങ്കിലും മനുഷ്യാവകാശങ്ങളും പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

നിഷ്‌കളങ്കരായ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ വിഷയത്തില്‍ വിവിധ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. റോഹിങ്ക്യകള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണാണ് ഹാജരായത്.

സംഘര്‍ഷം മൂലം ഇന്ത്യയില്‍ അഭയം തേടിയ തങ്ങളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് റോഹിങ്ക്യ വിഭാഗത്തില്‍പ്പെട്ട ചിലരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നവംബര്‍ 21ന് വീണ്ടും പരിഗണിക്കും.

റോഹിങ്ക്യകള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ തീര്‍ത്തും നിയമവിരുദ്ധമായാണ് ഇന്ത്യയില്‍ കഴിയുന്നതെന്നും കേന്ദ്രം നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു. കയറ്റിയയക്കരുതെന്ന റോഹിങ്ക്യകളുടെ ആവശ്യം നീതികരിക്കാനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുമെന്നും കേന്ദ്രം വാദിച്ചിരുന്നു.