സോളാറില്‍ ‘കത്തിയ’ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിരോധിക്കാനായി നെട്ടോട്ടത്തില്‍: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

single-img
12 October 2017

സോളാര്‍ തട്ടിപ്പു കേസില്‍ കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് പ്രതിരോധ വഴികള്‍ തേടുന്നത്.

ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപത്തിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് നേതാക്കള്‍ ആലോചിക്കുന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും മനസിലാക്കിയാല്‍ മാത്രമേ നിയമപരമായി മുന്നോട്ടുപോകാന്‍ സാധിക്കു.

അതിനാല്‍ തന്നെയാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ ആരോപണവിധേയരായ നേതാക്കള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഉടന്‍തന്നെ കെപിസിസി രാഷ്ട്രീയ കാര്യസമിതി ചേരുന്നുണ്ട്. നേതാക്കള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച ആലോചനകള്‍ക്കായാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്.

കേസില്‍ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടന്‍തന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ കാണും. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ചെന്നിത്തല കാണും.

ഇന്നലെയാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെത്തുടര്‍ന്നുള്ള നിയമോപദേശം കണക്കിലെടുത്ത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടാതെ സോളാര്‍ തട്ടിപ്പ് നടത്താന്‍ സരിത എസ്. നായരെ സഹായിച്ചതിനും മാനഭംഗപ്പെടുത്തിയതിനും ക്രിമിനല്‍ കേസും എടുക്കും.

കേസ് തേച്ച്മായ്ച്ചു കളയാന്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്വാധീനിച്ചതിന് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് എടുക്കാനും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി സരിത എസ്. നായരുടെ കത്തില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ അഴിമതിക്കും മാനഭംഗത്തിനും കേസെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.