അമിത് ഷായുടെ മകന്റെ അഴിമതിയെക്കുറിച്ച് അന്വേഷണം വേണ്ടെന്ന് ആര്‍എസ്എസ്

single-img
12 October 2017

അഹമ്മദാബാദ്: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ്ഷായ്‌ക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ആര്‍എസ്എസ്. ആരോപണത്തില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അന്വേഷിക്കേണ്ടതുള്ളൂവെന്നാണ് ആര്‍എസ്എസ് നിലപാട്.

ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് കുറ്റം തെളിയിക്കേണ്ടത്. അഴിമതി ആരോപണം ഉണ്ടായാല്‍ ആര്‍ക്കെതിരെയാണെങ്കിലും അന്വേഷിക്കണം. എന്നാല്‍ ജയ്ഷായ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവൊന്നും ഇല്ലെന്നും ആര്‍എസ്എസ് ജോയിന്റ്് സെക്രട്ടറി ദത്താത്രേയ ഹൊസബല്ലെ പറഞ്ഞു.

അമിത് ഷായുടെ മകന്‍ ജെയ് അമിത് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നാണു ‘ദ് വയര്‍’ എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ വരെ റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാര്‍ത്തയ്ക്ക് അടിസ്ഥാനം.

രേഖകളനുസരിച്ച്, കാര്‍ഷികോല്‍പന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ല്‍ 6,230 രൂപയുടെയും 2014ല്‍ 1,724 രൂപയുടെയും നഷ്ടമുണ്ടായി. 2015ല്‍ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015–16ല്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയര്‍ന്നു.

എന്നാല്‍, കഴിഞ്ഞ ഒക്‌ടോബറില്‍ മുന്‍ വര്‍ഷങ്ങളുടെ നഷ്ടം കണക്കിലെടുത്തു കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. വാര്‍ത്ത തയാറാക്കുന്നതിന്റെ ഭാഗമായി അമിത് ഷായുടെ മകനോടു വെബ്‌സൈറ്റ് പ്രതികരണം ചോദിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ മറുപടിയില്‍ കണക്കുകള്‍ നിഷേധിച്ചില്ല. പകരം, ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്ത നല്‍കിയാല്‍ നിയമനടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്‍കി.