ഒരു നടപടിയെയും ഭയക്കുന്നില്ല; അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന് കെ സി വേണുഗോപാല്‍ എംപി

single-img
12 October 2017

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്നു കെ സി വേണുഗോപാല്‍ എംപി. ഈ കേസിന്റെ മെറിറ്റിനെ കുറിച്ചും ആരോപണങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചും കേരളത്തിലെ പൊതുസമൂഹത്തിനറിയാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ എന്താണ് തന്നെക്കുറിച്ച് പരാമര്‍ശമെന്നറിയില്ല. റിപ്പോര്‍ട്ട് കണ്ടിട്ടില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതികരിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിയമോപദേശം അനുസരിച്ചുള്ള നടപടികള്‍ പ്രകാരം ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുകയാണ്. ഏതു ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ.

ഒരുതരത്തിലും താന്‍ ഈ കേസില്‍ ഭാഗമായിട്ടില്ല എന്നിരിക്കെ ഒരു നടപടിയെയും ഭയക്കുന്നില്ലെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.