18 വയസിന് താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് സുപ്രീംകോടതി

single-img
11 October 2017

ന്യൂഡല്‍ഹി: 18 വയസിന് താഴെ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം മാനഭംഗമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമനം അനുസരിച്ച് കേസെടുക്കാവുന്ന കുറ്റമാണെന്നും സുപ്രീംകോടതി. ശൈശവ വിവാഹങ്ങളുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി സാമൂഹ്യ നീതി നിയമങ്ങള്‍ അവയുടെ അന്ത:സത്തയോട് കൂടിയല്ല കൊണ്ടുവന്നതെന്നും നിരീക്ഷിച്ചു.

സുപ്രീംകോടതിയുടെ ഈ വിധിയോടെ 15നും 18 നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവായി. രംണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. എന്നാല്‍ 15നും 18 നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. എന്നാല്‍ വിവാഹബന്ധത്തിലെ ബലാത്സംഗ(മാരിറ്റല്‍ റേപ്പ്) വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. 18 വയസ്സില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്.

പ്രായപൂര്‍ത്തിയാകാത്ത ഭാര്യക്ക് ഭര്‍ത്താവിനെതിരെ ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കാമെന്നും കോടതി നിരീക്ഷിച്ചു. സന്നദ്ധ സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 14,15,21 അനുച്ഛേദങ്ങളുടെ ലംഘനമാണ് വ്യവസ്ഥയെന്നും ഇന്‍ഡിപെന്‍ന്റ് തോട്ട് കോടതിയില്‍ പറഞ്ഞു.