‘സരിതയ്‌ക്കെതിരെ ലൈംഗിക പീഡനം നടന്നു’; കത്തില്‍ പേരുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കും: ‘ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതിയെന്ന് സോളാര്‍ കമ്മീഷന്‍’

single-img
11 October 2017

ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതിയായി കണക്കാക്കാമെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും സോളാര്‍ കമ്മീഷന്‍ ശിപാര്‍ശ. ടീം സോളാറിന് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നതിന് പണം മാത്രമല്ല കൈക്കൂലിയായി കൈപ്പറ്റിയതെന്നും, സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അതിനാല്‍ അഴിമതി നിരോധന നിയമവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ മന്ത്രിസഭയിലുള്ള നിരവധി പേര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി സരിത ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കമ്മീഷന് കത്ത് നല്‍കുകയും ചെയ്തിരുന്നു.

എ. പി അനില്‍കുമാര്‍, ജോസ് കെ. മാണി, അടൂര്‍ പ്രകാശ്, പളനിമാണിക്യം, കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍, എ. പി. അബ്ദുല്ലക്കുട്ടി എംഎല്‍എ, എഡിജിപി കെ. പത്മകുമാര്‍ തുടങ്ങിയവരുടെ പേരുകള്‍ കത്തിലുണ്ടായിരുന്നു.

മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെയും കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസ് അന്വേഷിച്ച പോലീസ് ഇക്കാര്യങ്ങള്‍ പരിശോധിച്ചില്ലെന്ന് സോളാര്‍ കമ്മീഷന്‍ കണ്ടെത്തിയതായി ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കമ്മീഷന്‍ മുന്‍പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സരിതയ്‌ക്കെതിരെ ലൈംഗിക പീഡനവും മാനഭംഗവും നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.

ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയതായി കാണുന്നില്ല. അതിനാല്‍ കത്തില്‍ പേരു പരാമര്‍ശിച്ചവര്‍ക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും മാനഭംഗത്തിനും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചു കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താവുന്നതാണെന്ന് അഡ്വക്കേറ്റ് ജനറലും ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും (ഡിജിപി) സര്‍ക്കാരിനു നിയമോപദേശം നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്തു പ്രത്യേക സംഘം അന്വേഷണം നടത്താനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

അതേസമയം ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ഒരു നിയമപോരാട്ടം, അല്ലെങ്കില്‍ ഒരു യുദ്ധത്തിന്റെ അവസാനം നീതി കിട്ടിയതായി വിശ്വസിക്കുന്നു. ശരിക്കും സന്തോഷമുണ്ട്.

മുന്‍കാലങ്ങളില്‍ കുറെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. അതുപോലെ ഇതും മറഞ്ഞുപോകുമോ എന്ന് ഭയപ്പെട്ടിരുന്നു. പക്ഷേ അതില്‍ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി തന്നെ തുറന്നുകാട്ടുകയും അതിലുളള കണ്ടെത്തലുകള്‍ ഒരു പരിധിക്കുമേല്‍ തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും അതിനാല്‍ സന്തോഷമുണ്ടെന്നും സരിത എസ് നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കാണ്ടുളള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കും. മറ്റുളളവരുടെ രാഷ്ട്രീയഭാവി സംരക്ഷിക്കുക എന്നത് ഒരു കാലത്ത് ശ്രദ്ധിച്ചിരുന്നു. ഇനിയങ്ങനെ ഉണ്ടാകില്ല. മരുഭൂമിയില്‍ ഒരു തുളളിവെളളമെന്ന പോലെയാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു.