വളര്‍ച്ചാനിരക്കില്‍ ചൈന ഇന്ത്യയെ മറികടക്കുമെന്ന് ഐഎംഎഫ്: ‘നോട്ടുനിരോധനവും ജി.എസ്.ടിയും തിരിച്ചടിയായി’

single-img
11 October 2017

ന്യൂഡല്‍ഹി: 2017-2018ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതില്‍ നിന്നു 0.5% കുറയുമെന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

നോട്ടുനിരോധനവും ജി.എസ്.ടിയും തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മൂലമുണ്ടായ പ്രതിസന്ധി ഈ വര്‍ഷവും അടുത്ത വര്‍ഷവും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും.

അതേസമയം, ചൈനയുടെ സാമ്പത്തിക വളര്‍ച്ചാനിരക്കു 0.1% വര്‍ധിച്ച് 6.8 ശതമാനത്തിലെത്തുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വളര്‍ച്ചാനിരക്കില്‍ ചൈന ഇന്ത്യയെ മറികടക്കും. 2018ല്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.4 ശതമാനമാകും.

മുന്‍ വിലയിരുത്തലുകളെക്കാള്‍ 0.3% കുറവാണിത്. 2018 ആകുമ്പോഴേക്കും ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നില ഇന്ത്യ വീണ്ടെടുക്കും. അന്നു ചൈനയുടെ വളര്‍ച്ച 6.5% ആയിരിക്കുമെന്നും ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക് റിപ്പോര്‍ട്ടില്‍ പറയുന്നു.