അമിത് ഷായുടെ മകനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവ് രംഗത്ത്

single-img
11 October 2017

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ രംഗത്തെത്തി. ജയ് ഷായ്‌ക്കെതിരായ ആരോപണം സര്‍ക്കാരിന് ധാര്‍മികമായ തിരിച്ചടിയാണ്. ജയ് ഷായ്ക്കു വേണ്ടി അഡീണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുന്നത് ശരിയായ നടപടിയല്ലെന്നും സിന്‍ഹ പറഞ്ഞു.

അമിത് ഷായുടെ മകന്‍ ജെയ് അമിത് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വിറ്റുവരവ് ഒരു വര്‍ഷംകൊണ്ട് 16,000 മടങ്ങു വര്‍ധിച്ചുവെന്നാണു ‘ദ് വയര്‍’ എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ വെളിപ്പെടുത്തല്‍. അമിത് ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ള ടെംപിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടേതായി 2013 മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ വരെ റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ (ആര്‍ഒസി) ലഭ്യമാക്കിയിട്ടുള്ള കണക്കുകളാണു വാര്‍ത്തയ്ക്ക് അടിസ്ഥാനം.

രേഖകളനുസരിച്ച്, കാര്‍ഷികോല്‍പന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന കമ്പനിക്കു 2013ല്‍ 6,230 രൂപയുടെയും 2014ല്‍ 1,724 രൂപയുടെയും നഷ്ടമുണ്ടായി. 2015ല്‍ വരുമാനം 50,000 രൂപ; ലാഭം 18,728 രൂപ. 2015–16ല്‍ കമ്പനിയുടെ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുയര്‍ന്നു.

എന്നാല്‍, കഴിഞ്ഞ ഒക്‌ടോബറില്‍ മുന്‍ വര്‍ഷങ്ങളുടെ നഷ്ടം കണക്കിലെടുത്തു കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചു. വാര്‍ത്ത തയാറാക്കുന്നതിന്റെ ഭാഗമായി അമിത് ഷായുടെ മകനോടു വെബ്‌സൈറ്റ് പ്രതികരണം ചോദിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നല്‍കിയ മറുപടിയില്‍ കണക്കുകള്‍ നിഷേധിച്ചില്ല. പകരം, ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്ത നല്‍കിയാല്‍ നിയമനടപടിയെടുക്കുമെന്നു മുന്നറിയിപ്പു നല്‍കി.